ന്യൂയോർക്ക്: സ്റ്റേറ്റ് അസംബ്ലി, ദീപാവലിയെ ഔദ്യോഗിക ഫെഡറൽ അവധിദിനമാക്കാൻ നിയമനിർമ്മാണം നടത്താൻ പദ്ധതിയിടുന്നു. ഇന്ത്യൻ പ്രവാസികളുടെയും നിയമനിർമ്മാതാക്കളുടെ വർഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമാണിത്.

സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്‌കാരത്തെ അംഗീകരിക്കുന്നതിനുള്ള ന്യൂയോർക്കിന്റെ നിർണായക ചുവടുവയ്പാണിതെന്ന് അസംബ്ലി സ്പീക്കർ കാൾ ഹെസ്റ്റി പറഞ്ഞു. ‘ഇത്തരത്തിൽ അവധി നൽകുന്നത് സ്‌കൂൾ പ്രവർത്തി ദിനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഞങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച തുടരും.’- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദീപാവലി ദിന നിയമം’ യുഎസിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 12ാമത്തെ അവധി ദിനമാക്കി മാറ്റും. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് കഴിഞ്ഞ വർഷം ദീപാവലി പൊതു സ്‌കൂൾ അവധി പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

‘അവധി ദിനം കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ദീപാവലി ആഘോഷിക്കാൻ അനുവദിക്കും. അതുവഴി രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്‌കാരിക ഘടനയെ സർക്കാർ വിലമതിക്കുന്നുണ്ടെന്ന് തെളിയിക്കും.’ – പ്രസ്താവനയിൽ പറഞ്ഞു.

ദീപാവലിയ്‌ക്കൊപ്പം ചാന്ദ്ര പുതുവർഷത്തെയും ഫെഡറൽ അവധിയാക്കാൻ സാദ്ധ്യതയുണ്ട്. ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ – അമേരിക്കൻ കൗൺസിൽമാൻ ശേഖർ കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ജൂൺ എട്ടിനകം ബില്ലുകളുടെ മേൽ നടപടി ഉണ്ടായേക്കും. ചൈനയിലും പൂർവ്വ ഏഷ്യയിലും പ്രധാന്യമുള്ള ദിനമാണ്‌ ചാന്ദ്ര പുതുവർഷം.