അമേരിക്കക്കാരിൽ പകുതിയോളം പേരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമാണെന്ന് റിപ്പോർട്ട്. വളരെ കുറച്ചു ആളുകൾ മാത്രമാണ് വിരളമായോ അല്ലെങ്കിൽ തീർത്തും മതപരമായ അനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്. നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ (NORC) ആണ് പുതിയ പഠനങ്ങൾ പുറത്തുവിട്ടത്.

അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര സാമൂഹിക ഗവേഷണ സ്ഥാപനമാണ് നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ. റിപ്പോർട്ട് അനുസരിച്ച് ജനങ്ങളിൽ മതാനുഷ്ഠാനവും വിശ്വാസവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയെങ്കിലും അമേരിക്കൻ ജനതയുടെ ഇടയിൽ നടത്തിയ പഠനത്തിൽ വിശ്വാസത്തെയും മതപരമായ ആചാരങ്ങളെയും നിലനിർത്തി കൊണ്ടുപോകുന്നവരാണ് അമേരിക്കയിൽ അധികംപേരും എന്ന് വെളിപ്പെടുന്നു.

‘ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് 50% ആളുകൾ ദൈവം ഉണ്ടെന്ന് തങ്ങൾ നിസ്സംശയം വിശ്വസിക്കുന്നു എന്ന് പറഞ്ഞു. വിശ്വാസം ഉണ്ടെങ്കിലും ഞങ്ങൾക്ക് സംശയവുമുണ്ട് എന്ന് 16% പേര് അറിയിച്ചു. 14% ആളുകൾ പങ്കുവച്ചത് ഏതോ ഒരു ഉന്നത ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ്. 7% ആളുകൾ ഞങ്ങൾക്കറിയില്ല എന്നു പറഞ്ഞപ്പോൾ 6% പേര് ഞങ്ങൾ ചിലപ്പോഴൊക്കെ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു വെളിപ്പെടുത്തി.

2022 ൽ നിങ്ങൾ എത്രത്തോളം ഭക്തിയുള്ളവരാണ് എന്ന ചോദ്യം ഓരോരുത്തർക്കും നൽകിയിരുന്നു. കൂടുതൽ പേരും മിതമായ രീതിയിൽ എന്നാണ് മറുപടി നൽകിയത്. 29% ആളുകൾ ഞങ്ങൾ ഭക്തിയുള്ളവരല്ല എന്ന് മറുപടി നൽകി. 25% ആളുകൾ കുറച്ചു മാത്രം എന്നു പറഞ്ഞു. 14% ആളുകൾ മാത്രമാണ് ഭക്തിയുള്ളവരാണെന്ന് അവകാശപ്പെട്ടത്.