ദോഹ: നിർഭാഗ്യം ജപ്പാന്റെ തലയ്ക്ക് മുകളിൽ ഉദിച്ച് നിന്നിരിക്കണം. ഇല്ലെങ്കിൽ ഈ മത്സരം അവർ തോൽക്കേണ്ടതല്ല. എത്ര മനോഹരമായി കളിച്ചുവെന്ന് പറഞ്ഞാലും എത്ര തവണ എതിർ ഗോൾമുഖം വിറപ്പിച്ചുവെന്ന് പറഞ്ഞാലും ഗോളടിക്കുന്നവർക്കൊപ്പമാണ് ജയം എന്നത് ഫുട്ബോളിൽ ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണെന്ന് ജപ്പാൻകാർക്ക് തോന്നിയേക്കാം.

കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റിൽ കെയ്ഷർ ഫാളർ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിൽ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കോസ്റ്റാറീക്കൻ പ്രതിരോധം ഗോൾ നിഷേധിച്ചുകൊണ്ടിരുന്നു.

തുടക്കം മുതൽ നിരവധി അവസരങ്ങളാണ് ജാപ്പനീസ് താരങ്ങൾ നടത്തിയത്. കൈലർ നവാസും സംഘവും പ്രതിരോധം മന്ത്രമാക്കിയാണ് കളത്തിലിറങ്ങിയത്. അതിൽ അവർ 100 ശതമാനം വിജയിക്കുകയും ചെയ്തു. മത്സരത്തിൽ ഒരേ ഒരു ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് കോസ്റ്ററീക്ക തൊടുത്തത്. അത് ഗോളായി മാറുകയും ചെയ്തു.