ഒരു മാസത്തിനിടെ 5000ലധികം ജീവനക്കാരെ പുറത്താക്കുകയും നിരവധിയാളുകൾ രാജിവയ്ക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ട്വിറ്റർ. ശതകോടീശ്വരനായ ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിന് ശേഷമായിരുന്നു ഈ മാറ്റങ്ങൾ. ഇപ്പോഴിതാ ട്വിറ്ററിലെ പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി എത്തുകയാണ് ഇലോൺ മസ്ക്.

പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ ആളുകളെ ജോലിക്കെടുക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്ക്. മികച്ച സോഫ്റ്റ്വെയർ വിദഗ്ധർ ട്വിറ്ററിൽ എത്തുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഒട്ടേറെ പുതിയ ഫീച്ചറുകൾ വരുന്നുണ്ട്. 

‘ട്വിറ്റർ 2.0- എവരിതിങ് ആപ്പ്’ എന്ന പ്രഖ്യാപനത്തോടെ ആപ്പിന്റെ പുതിയ ലുക്ക് ഇലോൺ മസ്ക് നേരത്തെ അവതരിപ്പിച്ചിരുന്നു. ട്വിറ്റർ 2.0 വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മസ്ക് അറിയിച്ചു. 

ട്വിറ്ററിലെ വെരിഫൈഡ് ബാഡ്ജ് ഉടൻ തിരികെയെത്തുമെന്ന പ്രഖ്യാപനവും ഇലോൺ മസ്ക് നടത്തിയിരുന്നു. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തിൽ വരുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. വലിയ മാറ്റത്തോടെയാകും ബാഡ്ജ് അവതരിപ്പിക്കുക. നീല നിറത്തിൽ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര, സ്വർണനിറങ്ങളിലും കാണാനാകും.