ബെൽജിയത്തിനെ ഏകപക്ഷീയമായ 2 ഗോളിന് വീഴ്ത്തി ഗ്രൂപ്പ് എഫിൽ വൈകിട്ട് 4 ന് അൽ തുമാമയിൽ നടന്ന മത്സരത്തിൽ മൊറോക്കോ വിജയം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റും നിലവിൽ ലോക രണ്ടാം റാങ്കുകാരുമായ ബെൽജിയത്തിനെതിരെ അസാധാരണ അട്ടിമറിയാണ് 22-ആം റാങ്കുകാരായ മൊറോക്കോ നടത്തിയത്. ഗ്രൂപ്പ് എഫിലെ ടീമിന്റെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് മൊറോക്കോ ഗോൾരഹിത സമനില പിടിച്ചിരുന്നു.

73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലും മൊറോക്കോയ്ക്കായി ഗോൾ നേടി. 

ഗോൾരഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും പകരക്കാരെ ഇറക്കി. പകരക്കാർ ആണ് മൊറോക്കോയ്ക്ക് വേണ്ടി 2 ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമണങ്ങളുമായി മുന്നേറി. ആദ്യപകുതിയിൽ ബെല്ജിയത്തിനുണ്ടായ മേൽക്കോയ്മ മൊറോക്കോ തകർത്തു. 

ഇന്നത്തെ വിജയത്തോടെ 4 പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി.