ചണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുന്നെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ധനമന്ത്രി ഹർപാൽ ചീമയാണ് ആരോപണം ഉന്നയിച്ചത്. പത്തോളം ആം ആദ്മി എം എൽ എമാരെ ബി ജെ പി സമീപിച്ചു. പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. നേതാക്കളോട് കൂടുതൽ ചർച്ചയ്ക്കായി ദില്ലിയിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും ചീമ പറഞ്ഞു.

‘ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ബി ജെ പി നേതാക്കൾ എം എൽ എമാരെ ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. ദില്ലിയിൽ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താമെന്നും ഒപ്പം 25 കോടി രൂപ കാലുമാറാൻ വാഗ്ദാനം ചെയ്തു’, ചീമ ആരോപിച്ചു. ബി ജെ പി സർക്കാർ അധികാരത്തിലേറിയാൽ സർക്കാരിൽ മന്ത്രി പദവി ലഭിക്കുമെന്ന വാഗ്ദാനവും നൽകിയെന്നും ചീമ ആരോപിച്ചു.

കൂടുതൽ നേതാക്കളെ ബി ജെ പിയിൽ എത്തിച്ചാൽ 50 മുതൽ 70 കോടി വരെയാണ് വാഗ്ദാനം. 94 എം എൽ എമാരുളള ആം ആദ്മിയെ ബി ജെ പി എങ്ങനെ താഴെയിറക്കുമെന്ന ചോദ്യം ആപ് നേതാക്കൾ ചോദിച്ചപ്പോൾ തങ്ങൾക്ക് അധികാരത്തിലേറാൻ 35 എം എൽ എമാരുടെ പിന്തുണയാണ് വേണ്ടതെന്നായിരുന്നു ബി ജെ പി നേതാക്കൾ പറഞ്ഞത്. മറ്റ് പാർട്ടികളിലെ ചില എം എൽ എമാരേയും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബി ജെ പി നേതാക്കൾ പറഞ്ഞതായും ചീമ പറഞ്ഞു.

‘മധ്യപ്രദേശിൽ കോൺഗ്രസ് എം എൽ എമാരെ ചാക്കിട്ടത് പോലെ കോൺഗ്രസ് എം എൽ എമാരുമായി പഞ്ചാബിലും ബി ജെ പി ബന്ധപ്പെട്ടിട്ടുണ്ടാകാം. 1375 കോടി രൂപയാണ് പഞ്ചാബിലെ 55 എം എൽ എ മാരെ മറുകണ്ടം ചാടിക്കാൻ ബി ജെ പി തയ്യാറാക്കി വെച്ചിരിക്കുന്നത്. ദില്ലിയിലെ ആം ആദ്മി സർക്കാരിനേയും താഴെയിറക്കാൻ ബി ജെ പി ശ്രമിച്ചിരുന്നു. അന്ന് അവർ 800 കോടിയാണ് ഇതിനായി കരുതിയത്. ഓപ്പറേഷൻ താമര കർണാടകത്തിൽ വിജയിച്ചിട്ടുണ്ടാകും. എന്നാൽ ദില്ലിയിലെ എം എൽ എമാർ കെജരിവാളിന് പിന്നിൽ ഉറച്ച് നിൽക്കുകയും അവരുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു’, ചീമ പറഞ്ഞു.

അതേസമയം ചീമയുടെ ആരോപണങ്ങള്‍ തള്ളി ബി ജെ പി രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി ജെ പി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ പറഞ്ഞു. പഞ്ചാബിൽ ബി ജെ പി വലിയ പിളർപ്പിലേക്ക് കടക്കന്നുവെന്നതിന്റ സൂചനയിലേക്കാണ് ധനമന്ത്രിയുടെ ആരോപണം വിരൽചൂണ്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.