കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ചുകടന്ന് ഡ്രോൺ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിലെ പ്രതിയായ വ്ളോഗർ തിരുവനന്തപുരം സ്വദേശിനി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.

എട്ടുമാസം മുൻപ് മാമ്പഴത്തറയിൽ എത്തിയ അമല, ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. ഡ്രോൺ കണ്ട ആന, വിരണ്ടോടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പങ്കുവെച്ചതോടെയാണ് കേസെടുത്തത്.