ന്യൂയോർക്ക്: വിശ്വാസികളുടെ ഇടയിൽ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക എന്ന ദൗത്യവുമായി 56 കത്തോലിക്കാ വൈദികർ വരുന്ന മൂന്ന് വർഷം അമേരിക്കയിലുടനീളം സഞ്ചരിക്കും. നാഷണൽ യൂക്കാരിസ്റ്റിക്ക് പ്രീചേഴ്സ് എന്ന പേരിലാണ് ഇവരുടെ സംഘം അറിയപ്പെടുന്നത്. ദേശീയ ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി അമേരിക്കൻ മെത്രാൻ സമിതിയാണ് വൈദികരുടെ സംഘത്തിന് രൂപം നൽകിയത്. ജൂൺ പത്തൊൻപതാം തീയതി ദിവ്യകാരുണ്യത്തിന്റ തിരുനാൾ ദിവസം ആരംഭിച്ച നവീകരണ പരിപാടികൾ 2024ൽ അമേരിക്കയിലെ ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടു കൂടിയായിരിക്കും സമാപിക്കുന്നത്.

അമേരിക്കയിലെ കത്തോലിക്കാ വിശ്വാസത്തിന്റെ നവീകരണത്തിന് വലിയ സംഭാവന നൽകാൻ നാഷണൽ യൂക്കാരിസ്റ്റിക്ക് പ്രീചേഴ്സിനു സാധിക്കും എന്ന് സഹ കോഡിനേറ്റർ പദവി വഹിക്കുന്ന സിസ്റ്റർ അലിസിയ ടോറസ് പറഞ്ഞു. ദിവ്യകാരുണ്യത്തിൽ കർത്താവ് സന്നിഹിതനാണെന്നും, കർത്താവുമായുള്ള ബന്ധം ജീവിതത്തെ മാറ്റിമറിക്കുമെന്നുമുളള സന്ദേശം, തങ്ങളെ ക്ഷണിക്കുന്ന രൂപതകളിൽ വൈദികർ ഒരു പുതിയ രീതിയിൽ പങ്കുവെക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സിസ്റ്റർ അലിസിയ വ്യക്തമാക്കി.

2019ലെ പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളും വിശുദ്ധ കുർബാനയിലുള്ള ദൈവത്തിന്റെ സാന്നിധ്യത്തിൽ വിശ്വസിക്കുന്നില്ല. ഒരു ന്യൂനപക്ഷം മാത്രം ദിവ്യകാരുണ്യത്തിൽ വിശ്വസിക്കുന്ന ഘട്ടത്തിലേക്ക് നാം എത്തി എന്നത് വലിയ ഒരു പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ക്രക്സ് എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ അലിസിയ പറഞ്ഞു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ വേണ്ടിയുള്ള ആലോചനകൾക്ക് അമേരിക്കൻ മെത്രാൻസമിതി തുടക്കമിടുന്നത്.

അമേരിക്കൻ മെത്രാൻ സമിതി ഈ വർഷം ആദ്യം നടത്തിയ ഒരു സർവ്വേയിൽ, വിശ്വാസപരമായ കാര്യങ്ങളെ പറ്റി പഠിക്കുവാൻ, വൈദികൻ വിശുദ്ധ കുർബാനയ്ക്കിടയിൽ നൽകുന്ന സന്ദേശം വലിയ തോതിൽ സഹായകമാകുന്നുണ്ട് എന്ന് വിശ്വാസികൾ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ വിവിധ രൂപതകളിൽ നിന്നും, സന്യാസസഭകിൽ നിന്നുമുള്ള 56 വൈദികർ വരുന്ന മൂന്ന് വർഷം അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ട് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കും.