കൊടും ചൂടില്‍ വലയുന്ന കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് നാലുദിവസത്തിനുള്ളില്‍ മരിച്ചത് 200ലേറെ പേര്‍. നിലവിലെ സാഹചര്യമനുസരിച്ച്‌ മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. കാനഡയെ കൂടാതെ വടക്ക്പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജൂലായ് മാസത്തില്‍ ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്ന ചൂട്

എന്നാല്‍ ചൊവ്വാഴ്ച അന്തരീക്ഷ താപനില 49.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളമ്ബിയയില്‍ സ്‌കൂളുകളും വാക്സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും ചൂടില്‍ ഉരുകുന്നതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ പോലുള്ള മേഖലകളില്‍ അന്തരീക്ഷ മര്‍ദം അത്ര കടുത്തതാകാറില്ലാത്തതിനാല്‍ മിക്ക വീടുകളിലും എയര്‍ കണ്ടീഷനറുകള്‍ ഇല്ലാതിരുന്നത് മരണ സംഖ്യ ഉയരാന്‍ കാരണമായി. യു.എസില്‍ പോര്‍ട്ട്ലാന്‍ഡ്, ഒറിഗോണ്‍, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തി.