കൊച്ചി: കൊടകര കുഴല്‍പണ കേസ് പ്രതികള്‍ക്ക് സി.പി.എം, സി.പി.ഐ ബന്ധമെന്ന് ബി.ജെ.പി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കേസില്‍ പിടിക്കപ്പെട്ട ഒരാള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം സി.പി.എം, സി.പി.ഐ ബന്ധമുള്ളവരാണ്‌. കവര്‍ച്ചക്കുശേഷം പ്രതികള്‍ സഹായം തേടിയത് എസ്.എന്‍ പുരത്തെ സി.പി.എം പ്രവര്‍ത്തകന്‍ റജിലിനോടാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

പ്രതി മാര്‍ട്ടിന് കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍ കുമാറുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. എ.ഐ.വൈ.എഫ് വെളയനാട് യൂനിറ്റ് സെക്രട്ടറിയാണ് മാര്‍ട്ടിന്‍. മറ്റൊരു പ്രതി ലിബിന്‍ വെള്ളക്കാട് എ.ഐ.വൈ.എഫ് നേതാവാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ​െന്‍റ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ പ്രതികാര രാഷ്​ട്രീയം കളിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ഭാരത് ടൂറിസ്​റ്റ്​ ഹോമില്‍ നടത്താനിരുന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം പൊലീസ് ഇടപെട്ട് തടഞ്ഞതോടെ ജില്ല കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യോഗങ്ങള്‍ നടത്തരുതെന്ന് കാണിച്ച്‌ സെന്‍ട്രല്‍ പൊലീസ് യോഗം ആരംഭിക്കുന്നതിനുമുമ്ബ്​ ഹോട്ടല്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

കേസില്‍ പരാതിക്കാരനായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുസാമഗ്രികള്‍ വിതരണം ചെയ്യുന്ന ധര്‍മരാജനെ പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പരാതിക്കാര​െന്‍റ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നത് വിചിത്രമാണ്. ബി.ജെ.പി അനുഭാവിയായതുകൊണ്ട് അദ്ദേഹത്തിെന്‍റ കാള്‍ ലിസ്​റ്റില്‍ പല ബി.ജെ.പി ഭാരവാഹികളും കാണുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, ധര്‍മരാജനെ മകന്‍ വിളിച്ചോ ഇല്ലയോ എന്നൊക്കെ അന്വേഷണസംഘം കണ്ടുപിടിക്കട്ടെയെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.