ന്യൂഡൽഹി : രാജ്യത്ത് കൊറോണ വാക്‌സിൻ കുത്തിവെയ്പ്പിന് തുടക്കം കുറിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ചരിത്രപരവും, മറക്കാനാകാത്തതുമായ ദിനമാണ് ഇന്നെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരിക്കലും മറക്കാനാകാത്തതും, ചരിത്രപരവുമായി ദിനമാണ് ഇന്ന്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചു. ഇന്ത്യയിൽ വികസിപ്പിച്ച കൊറോണ വാക്‌സിൻ ആളുകൾക്ക് നൽകാൻ ആരംഭിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം പ്രചോദനം നൽകുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

വാക്‌സിന്റെ വികാസത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കഠിന പരിശ്രമങ്ങളെയും രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ കുത്തിവെയ്പ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത് ഏതൊരു ഭാരതീയനെ സംബന്ധിച്ചടത്തോളവും അഭിമാന നിമിഷമാണ്. ആദ്യ ഘട്ടത്തിൽ പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. ആവശ്യമുള്ളത്രയും കൊവാക്‌സിൻ, കൊവിഷീൽഡ് വാക്‌സിനുകളുടെ ഡോസുകൾ രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.