വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിനെ താലിബാൻ എൻഡോഴ്സ് ചെയ്യുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ഗ്രൂപ്പായ താലിബാന്റെ വക്താവ് സൈബുള്ള മുജാഹിദാണ് എൻഡോഴ്സ്മെന്റിനെ കുറിച്ചുള്ള വിവരം നൽകിയത്.

പൊതുതിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്നും, അഫ്ഗാനിസ്ഥാനിലെ യുഎസ് മിലിട്ടറിയെ പൂർണ്ണമായും ട്രംപ് പിൻവലിക്കുമെന്നുമാണ് വിശ്വസിക്കുന്നതെന്നു സൈബുള്ള പറഞ്ഞു.

എന്നാൽ ഈ വാർത്ത പൂർണ്ണമായും തള്ളികളയുന്നതായി ട്രംപിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി അറിയിച്ചു. താലിബാന്റെ പിന്തുണ ആവശ്യമില്ലെന്നും, അമേരിക്കൻ പൗരന്മാരുടെ താല്പര്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ കർത്തവ്യമെന്ന് ട്രംപിന്റെ ക്യാംപയിൻ വക്താവ് ടിം മുർട്ടൊ പറഞ്ഞു. ഞങ്ങളുടെ ധീരരായ പട്ടാളക്കാർ അഫ്ഗാനിസ്ഥാനിലുണ്ട്. അവർ ഡിസംബറിൽ നാട്ടിലേക്ക് മടങ്ങും. ബുധനാഴ്ച ട്രംപ് ട്വിറ്ററിൽ കുറിച്ചു. അമേരിക്കൻ മിലിട്ടറി പിൻവാങ്ങിയാൽ ‌തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണ് താലിബാന്റെ നീക്കം.