തൃശൂർ: തൃശൂർ പൂമലയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വികാരിയും വിശ്വാസികളിൽ ബഹുഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. പുതിയ പള്ളി നിർമ്മിച്ചതുമായി ബന്ധപ്പെട്ട കണക്കെടുപ്പും മറ്റു പ്രശ്നങ്ങളുമാണ് ഇതിനു തുടക്കമിട്ടത്. ഇതിനിടെ വികാരി ഫാ. ജോയ്സൺ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുർബാന വൻ വിവാദമായി.

സവിശേഷ നാളായ പെന്തക്കുസ്താനാളിൽ വികാരി പ്രത്യേക കുർബാന അർപ്പിക്കേണ്ടതിനു പകരം ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. വികാരിക്ക് അനുകൂലമായിനിന്ന വിശ്വാസികൾ പോലും ഇതോടെ എതിർച്ചേരിയിലെത്തി. എതിർച്ചേരിയിൽനിന്ന് തന്നെ ആക്രമിക്കുന്നവർക്കുനേരെ തന്റെ ഒപ്പമുള്ളവർപോലും പ്രതികരിക്കുന്നില്ലെന്നും അതിനാലാണ് ഇടവകയിലെ എല്ലാ വിശ്വാസികളും മരിച്ചതായി കണക്കാക്കി ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലിയതെന്നുമായിരുന്നു വികാരിയുടെ വിശദീകരണം.

വികാരിയുടെ നിലപാടുകൾക്ക് എതിരായി നിലകൊള്ളുന്ന വിശ്വാസികൾ ഒത്തുചേർന്ന് പൂമല ചെറുപുഷ്പ ദേവാലയ സംരക്ഷണസമിതി എന്ന സംഘടനയുണ്ടാക്കി പ്രതിഷേധം ശക്തമാക്കി. ഇവർ ഇന്നലെ രാത്രിയിൽ കൂട്ടപ്രാർഥന നടത്തി. ഏഴാം ചരമദിനം എന്ന വലിയ പോസ്റ്റർ സ്ഥാപിച്ച് അതിൽ പെന്തക്കുസ്താനാളിൽ പൂമല ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങൾ എന്നുമെഴുതുകയും ചെയ്തു.

സിബി പതിയിൽ, ജിജോ കുര്യൻ, പി കെ ലാളി, ജോസ് വെട്ടിക്കൊമ്പിൽ, സെബാസ്റ്റ്യൻ മുത്തോലിയിൽ, പ്രകാശ് ജോൺ, ജോൺസൺ പുളിയൻമാക്കൽ, ഷാജി വട്ടുകുളം, സാജൻ ആരിവേലിക്കൽ, ജോസ് പുൽക്കൂട്ടിശ്ശേരി, പി ജെ കുര്യൻ, ആന്റണി, പ്രസാദ് പി ജെ, ജിബി ജോസഫ്, സിജോ കുറ്റിയാനി, സന്തോഷ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച പള്ളിപ്പരിസരത്ത് പ്രതിഷേധക്കാരായ വിശ്വാസികൾ മരിച്ചതിന്റെ ഏഴാംനാൾ പ്രതീകാത്മകമായി ആഘോഷിക്കാനും തീരുമാനിച്ചിരുന്നു.

പ്രതിഷേധക്കാർ കൈയേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വികാരി പോലീസ് സുരക്ഷ തേടിയിട്ടുണ്ട്. ബൈക്കിൽ നിയമവിരുദ്ധ നമ്പർ പ്ലേറ്റ് വെച്ചതിന്റെ പേരിൽ അടുത്തിടെ മോട്ടോർ വാഹനവകുപ്പ് വികാരിക്ക് പിഴയിട്ടിരുന്നു.