ബെംഗ്ളുറു: മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഐപിസി സെക്ഷൻ 376 പ്രകാരം ശിക്ഷാർഹമായ കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈകോടതി. മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരണമെന്നും ഹൈകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇതിനായി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കർശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

തുമകുറു ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന കേസിൽ രംഗരാജു എന്നയാൾക്കെതിരെ ചുമത്തിയ 10 വർഷത്തെ തടവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ബലാത്സംഗ കേസുകളിൽ കുറ്റം ചാർത്തുന്ന ഐപിസി 376-ാം വകുപ്പിൽ മൃതദേഹം ബലാത്സംഗം ചെയ്യുന്ന വ്യക്തിയെ കുറ്റക്കാരനാക്കാനുള്ള നിയമം ഇല്ലാത്തതിനാലാണ് ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് വിധിയിൽ പറയുന്നു. യുവതിയെ കൊലപ്പെടുത്തി, മൃതദേഹം ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, കൊലപാതകക്കേസിൽ ഇയാൾക്ക് ഐപിസി 302-ാം വകുപ്പ് പ്രകാരം കഠിനമായ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത് ശരിവച്ചപ്പോൾ ബലാത്സംഗ കേസിലെ ശിക്ഷയിൽ നിന്ന് ഒഴിവായി.

വിധിന്യായത്തിൽ, പ്രതി മൃതദേഹത്തെ ബലാത്സംഗം ചെയ്തുവെന്നത് ശരിയാണെന്ന് ജസ്റ്റിസുമാരായ ബി വീരപ്പയും വെങ്കിടേഷ് നായികും നിരീക്ഷിച്ചു. എന്നാൽ ഐപിസി സെക്ഷൻ 375 അല്ലെങ്കിൽ 377 പ്രകാരം കുറ്റക്കാരനാക്കാൻ കഴിയുമോ എന്നതായിരുന്നു കോടതിയുടെ മുന്നിലെ ചോദ്യം. ഈ രണ്ട് ഭാഗങ്ങളും സൂക്ഷ്മമായി വായിക്കുമ്പോൾ മൃതദേഹം മനുഷ്യനായോ വ്യക്തിയായോ കാണാൻ കഴിയില്ലെന്ന് വ്യക്തമാകുമെന്ന് ബെഞ്ച് വ്യക്തമാക്കി.

അതിനാൽ, 376-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമായി ഇത് മാറുന്നില്ല. ഈ വകുപ്പ് ഭേദഗതി ചെയ്ത് ‘മൃതദേഹം’ എന്ന പദം കൊണ്ടുവരാൻ കേന്ദ്ര സർകാരിനോട് ഹൈകോടതി ശുപാർശ ചെയ്തു. ബ്രിട്ടൻ, കാനഡ തുടങ്ങി പല രാജ്യങ്ങളിലും മൃതദേഹം ലൈംഗീകമായി പീഡിപ്പിക്കുന്നത് അല്ലെങ്കിൽ മൃതദേഹം ബലാത്സംഗം ചെയ്യുന്ന കേസുകൾ ശിക്ഷാർഹമായ കുറ്റങ്ങളാണെന്ന് ബെഞ്ച് പറഞ്ഞു. ഇന്ത്യയിലും ഇത്തരം വ്യവസ്ഥകൾ കൊണ്ടുവരണമെന്ന് ഹൈകോടതി വ്യക്തമാക്കി.