തിരുവനന്തപുരം: യുഎസിലെ നോര്‍ക സമ്മേളനത്തിനായി സര്‍കാര്‍ ഖജനാവില്‍നിന്നു പണം എടുക്കുന്നില്ലെന്ന് വ്യക്തമാക്കി നോര്‍ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കേണ്ടതില്ലെന്നും രെജിസ്‌ട്രേഷന്‍ സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക കേരള സഭയെ വക്രീകരിച്ച് ദുര്‍ബലമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ആര്‍ക്കും കാണാം. അതിനു പണം മാനദണ്ഡമല്ല. പരസ്യം വിവാദമായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യുഎസിലെ ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ വ്യക്തികളില്‍നിന്ന് 82 ലക്ഷംരൂപ സംഘാടക സമിതി പിരിക്കുന്നതിന്റെ ത്വാരിഫ് കാര്‍ഡ് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.

ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് യുഎസിലെ സമ്മേളനത്തിനായി സംഘാടക സമിതി സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുന്നത്. ഗോള്‍ഡിന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നല്‍കേണ്ട തുക.

ലോക കേരള സഭ സര്‍കാര്‍ സംരംഭമാണ് എന്നിരിക്കെയാണ് പല വാഗ്ദാനങ്ങള്‍ നല്‍കി പുറത്തുനിന്നു തുക പിരിക്കുന്നത്. സംഘാടക സമിതിയില്‍ സര്‍കാര്‍ പ്രതിനിധിയില്ല. ഈമാസം ഒമ്പതു മുതല്‍ 11 വരെ ന്യൂയോര്‍കിലാണ് സമ്മേളനം. ഗോള്‍ഡ് കാര്‍ഡുകാര്‍ക്ക് സ്റ്റേജില്‍ ഇരിപ്പിടവും വിഐപികള്‍ക്കൊപ്പം ഡിന്നറും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.