ലോകമെമ്പാടുമുള്ള മൾട്ടിനാഷണൽ ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന്, ഇന്ത്യയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. “ഐടി മേഖലയിൽ നിന്ന് യുവാക്കൾ കൂട്ടത്തോടെ പിരിച്ചുവിടപ്പെടുകയാണ്. കേന്ദ്ര സർക്കാർ ഇന്ത്യയിലെ സാഹചര്യം അവലോകനം ചെയ്‌ത്‌ ശരിയായ നടപടികൾ കൈക്കൊള്ളണം” ഒരു ഹിന്ദി ട്വീറ്റിൽ കെജ്‌രിവാൾ പറഞ്ഞു.

ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൂന്ന് ദിവസം മുമ്പ് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ ഗൂഗിൾ ജീവനക്കാർക്ക് ഒരു ഇമെയിൽ ലഭിക്കുകയും മറ്റിടങ്ങളിലെ ജീവനക്കാരെ പിന്നീട് അറിയിക്കുകയും ചെയ്യുകയായിരുന്നു. 

നിലവിലെ റോളുകൾ കമ്പനിയുടെ ഏറ്റവും ഉയർന്ന മുൻഗണനകളുമായി യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനി “ഉൽപ്പന്ന മേഖലകളിലുടനീളം കർശനമായ അവലോകനം” നടത്തിയതായി ജീവനക്കാർക്ക് അയച്ച കത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. പുതിയ പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഏത് വകുപ്പിനെയാണ് എന്ന് വ്യക്തമല്ല. 

ഈ മാസം ആദ്യം, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല കമ്പനി 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. ഇത് മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തോളം വരും. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു “ഫലപ്രദമായ കമ്പനി” ആയി തുടരാൻ വേണ്ടിയാണു ടെക് ഭീമൻ ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. 2023ൽ ടെക്‌നോളജി മേഖലയിലെ അനിശ്ചിത്വം തുടരുന്നതിനാൽ ഫേസ്ബുക്കിനും ആമസോണിനും ശേഷം ജോലി വെട്ടിക്കുറച്ച ഏറ്റവും പുതിയ സ്ഥാപനമാണ് മൈക്രോസോഫ്റ്റ്.