ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം സംസ്ഥാനത്ത് വികസനമെത്തിയെന്ന കേന്ദ്രസർക്കാർ വാദത്തെ പിന്തുണച്ച് വാർത്തയെഴുതുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പാകിസ്ഥാൻ ഭീകരരുടെ ഭീഷണി. പട്ടാള ഏജന്റുമാരാണെന്ന് ഭീകരർ പ്രഖ്യാപിച്ചതിനെ തുടർന്ന് റൈസിംഗ് കാശ്‌മീരിലെ അഞ്ച് മാദ്ധ്യമ പ്രവർത്തകർ രാജിവച്ചു. ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും സമാനഭീഷണിയുണ്ട്.

പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നിർദ്ദേശമനുസരിച്ചാണ് ഭീകരർ മാദ്ധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നത്. ഇന്ത്യ സ്‌പോൺസർ ചെയ്‌ത മാദ്ധ്യമ സ്ഥാപനങ്ങളിലെ ആരെയും വെറുതെ വിടില്ലെന്നും അവരെ തിരഞ്ഞുപിടിക്കുമെന്നും കാശ്‌മീർഫൈറ്റ്.കോം എന്ന ബ്ളോഗിലൂടെ ഭീകരർ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അഞ്ച് മാദ്ധ്യമ പ്രവർത്തകർ രാജിവച്ചത്. ഈ ഓൺലൈൻ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുമ്പും മാദ്ധ്യമപ്രവർത്തകർക്ക് ഭീഷണി

താഴ്‌വരയിൽ ഭീകരർ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് ആദ്യമായല്ല. റൈസിംഗ് കശ്മീർ പത്രത്തിന്റെ മുൻ എഡിറ്റർ ഷുജാത് ബുഖാരി അടക്കം നിരവധി മാദ്ധ്യമ പ്രവർത്തകരെ ഭീകരർ വധിച്ചിട്ടുണ്ട്. കാശ്‌മീരിൽ സാധാരണ ജീവിതം മടങ്ങിവന്നത് വാർത്തകളിലൂടെ മറ്റുള്ളവർ അറിയുന്നത് തടയാനാണ് ഭീകരർ ശ്രമിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ കല്ലേറുണ്ടായിട്ടില്ലെന്ന് കഴിഞ്ഞ മാസം ജമ്മു കാശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ജമ്മുകാശ്‌മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ജമ്മുവിൽ 50 ലക്ഷവും കാശ്‌മീരിൽ 22 ലക്ഷവും വിനോദസഞ്ചാരികളെത്തി. വിനോദസഞ്ചാര മേഖലയിലൂടെ യുവാക്കൾ അടക്കം നിരവധി വിഭാഗങ്ങൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്. ഇതിൽ പാക് ഭീകര സംഘടനകൾ അസ്വസ്ഥരാണ്.