ന്യൂഡൽഹി: മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ജനുവരി ഒന്നിന് ചുമതലയേൽക്കും.അജിത് മോഹൻ രാജിവച്ച ഒഴിവിലാണ് നിയമനം. 2016 മുതൽ മെറ്റയിൽ പ്രവർത്തിച്ചുവരികയാണ് സന്ധ്യ ദേവനാഥൻ.

വിയറ്റ്നാമിലും സിംഗപ്പൂരിലും കമ്പനിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള സന്ധ്യ, തെക്ക് കിഴക്കൻ ഏഷ്യയിൽ മെറ്റയുടെ ഇ – കൊമേഴ്സ് സംരംഭങ്ങളുടെയും ഭാഗമായിട്ടുണ്ട്. ബാങ്കിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ അന്തർദേശീയ തലത്തിൽ ഇരുപത് വർഷത്തിലധികം അനുഭവസമ്പത്തുണ്ട്.

മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും അടുത്തിടെ രാജിവച്ചിരുന്നു. അജിത് മോഹന്റെ രാജിയ്‌ക്ക് പിന്നാലെയായിരുന്നു ഇരുവരും പടിയിറങ്ങിയത്.