ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കര്‍ ചിത്രം വന്നതില്‍ ആശ്ചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ഇപ്പോള്‍ ആര്‍എസ്എസ് മനസാണ്. അവര്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ നടക്കുന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ പല നേതാക്കളും ഇപ്പോള്‍ ബിജെപിയിലാണ്. സംസ്ഥാന അധ്യക്ഷന്‍ തന്നെ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞതാണ്. ബിജെപി ഉള്ള സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കുറച്ച് ദിവസം മാത്രമാണ്.

ബിജെപി ഇല്ലാത്ത കേരളത്തില്‍ 19 ദിവസത്തെ യാത്രയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎം നേതാക്കള്‍ക്കെതിരെ എല്ലാ കാലത്തും വ്യക്തിഹത്യയാണ് നടക്കുന്നത്.

രാജ്യത്ത് ബിജെപി സ്വീകരിക്കുന്നത് ആര്‍എസ്എസ് നിലപാടാണ്. ബിജെപി സ്വാതന്ത്ര്യ സമരത്തിന്റെ അടുത്തുകൂടി പോയിട്ടില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച നേതാക്കളെ ഉയര്‍ത്തി കാട്ടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ കാണാം. കോണ്‍ഗ്രസ് മനസും ഇതിന് തയ്യാറായി എന്നതിന് ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കര്‍റുടെ സ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തെ എപ്പോഴും ഏറ്റവും വലിയ ശത്രുവായാണ് വലതുപക്ഷം കാണുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.അഴീക്കോടന്റെ ജീവനെടുത്തതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ പതനം കണക്കുകൂട്ടിയവര്‍ക്ക് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിഹത്യയ്ക്ക് ഏറ്റവും കൂടുതല്‍ തവണ ഇരയായ നേതാവാണ് അഴീക്കോടനെന്നും മുന്നണി ബന്ധം ദൃഢപ്പെടുത്തി ഇടതുപക്ഷ ഐക്യത്തിന് ആക്കം കൂട്ടിയത് അഴീക്കോടന്റെ നേതൃപാടവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.