വത്തിക്കാന്‍ സിറ്റി: തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച പതിമൂന്നുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടി ബെനിഗ്നാ കാര്‍ഡോസോ ഡാ സില്‍വായെ ഒക്ടോബര്‍ 24-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ മെയ് 2-ന് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബ്രസീലിലെ ക്രാറ്റോ രൂപതയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലൈംഗീകമായി പീഡിപ്പിക്കുവാനുള്ള സഹപാഠിയുടെ ശ്രമത്തെ ശക്തിയുക്തം ചെറുക്കുന്നതിനിടയിലാണ് ബെനിഗ്നാ കാര്‍ഡോസോ കൊല്ലപ്പെടുന്നത്. ബ്രസീലിലെ സിയാര സംസ്ഥാനത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ബെനിഗ്നാ. ക്രാറ്റോയിലെ നോസാ സെന്‍ഹോര ഡാ പെന്‍ഹാ കത്തീഡ്രല്‍ സ്ക്വയറില്‍വെച്ചായിരിക്കും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടക്കുക.

1928 ഒക്ടോബർ 15 ന് ഒയിറ്റിയിൽ ജോസ് കാർഡോസോ ഡാ സിൽവയുടെയും തെരേസ മരിയ ഡാ സിൽവയുടെയും നാല് മക്കളിൽ ഇളയവളയാണ് ബെനിഗ്നയുടെ ജനനം. ഒക്ടോബർ 21-ന് അവള്‍ക്ക് ജ്ഞാനസ്നാനം നല്കി. ബെനിഗ്നയുടെ ജനനത്തിനുമുമ്പ് തന്നെ അവളുടെ പിതാവ് മരിച്ചു, ഒരു വയസ്സുള്ളപ്പോൾ അമ്മയെയും നഷ്ടപ്പെട്ടു. അവളെയും അനാഥരായ മറ്റ് സഹോദരങ്ങളെയും സിസ്റ്റര്‍ റോസയും ഹോണോറിന സിസ്‌നാൻഡോ ലെയ്റ്റും ചേര്‍ന്ന് ദത്തെടുത്തു, ആത്മീയ ജീവിതത്തിന് വലിയ പ്രാധാന്യം കൊടുത്തിരിന്ന അവള്‍ ചിട്ടയായ ജീവിതം നയിച്ചുവരികയായിരിന്നു.

വിശുദ്ധ കുർബാനയിലും ഇടവകയുടെ പ്രവർത്തനങ്ങളിലും അവള്‍ സജീവമായിരിന്നു. പന്ത്രണ്ടാം വയസ്സിൽ, റാവുള്‍ ആല്‍വ്സ് എന്ന കൗമാരക്കാരന്‍ അവളെ സമീപിച്ചു. ചെറുപ്പത്തിൽ തന്നെ ഒരു ബന്ധം തുടങ്ങാൻ താൽപര്യമില്ലായെന്ന് അവള്‍ റാവുളിനെ അറിയിച്ചുവെങ്കിലും ശല്യം തുടര്‍ന്നുക്കൊണ്ടേയിരിന്നു. ഇതിനിടെ തന്റെ ആത്മീയ ഗുരുവില്‍ നിന്ന് അവള്‍ മാർഗനിർദേശം തേടി. ബൈബിൾ കഥകളെക്കുറിച്ചുള്ള ഒരു ചിത്രീകരിച്ച പുസ്തകം അവന് നല്കുകയും ചെയ്തു. എന്നിരുന്നാലും, ഇയാള്‍ അവളുടെ പിന്നാലേ തന്നെ കൂടുകയായിരിന്നു.

1941 ഒക്ടോബര്‍ 24-നാണ് ബെനിഗ്നാ കാര്‍ഡോസോ കൊല്ലപ്പെടുന്നത്. ഉച്ചക്കഴിഞ്ഞ് നാലു മണിയോടെ വീട്ടിലേക്കാവശ്യമായ വെള്ളം എടുക്കുവാന്‍ പോയ വഴിക്ക് റാവുള്‍, അവളെ സമീപിക്കുകയും ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ബെനിഗ്നാ ശക്തിയുക്തം ഇത് നിരസിച്ചതിനെ തുടര്‍ന്ന്‍ അവളെ കയ്യിലിരുന്ന അരിവാള്‍ കൊണ്ട് റാവുള്‍, വെട്ടിക്കൊല്ലുകയായിരുന്നു. മരണത്തിന് പിന്നാലെ ബെനിഗ്നായുടെ ജീവിത നൈര്‍മല്യത ആളുകള്‍ തിരിച്ചറിയുകയും മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുവാനും ആരംഭിച്ചു.

ഇതിനിടെ ഒക്ടോബര്‍ 5 മുതല്‍ 24 വരെ “ബെനിന്‍ പെണ്‍കുട്ടിയുടെ തീര്‍ത്ഥാടനം” എന്ന പേരില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുവാനും തുടങ്ങി. ആയിരങ്ങളാണ് ഇതില്‍ പങ്കുചേരുന്നത്. 2019 ഒക്ടോബറിലാണ് ഫ്രാന്‍സിസ് പാപ്പ ബെനിഗ്നായുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നത്. 2020 ഒക്ടോബര്‍ 21-നു ബെനിഗ്നായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമെരാരോ പ്രഖ്യാപന ചടങ്ങിനും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും.