കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടുവയസ്സുകാരന്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് ദാരുണമായ സംഭവം. മോട്ടിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുഡ് ഗ്രാമത്തിലെ വീരേന്ദ്രയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

വീരേന്ദ്ര സഹോദരിയോടൊപ്പം കുളത്തിലേക്ക് പോയപ്പോഴാണ് മുതല ആക്രമിച്ചതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്‌ഒ) ആകാശ്ദീപ് ബധവാന്‍ പറഞ്ഞു. കുളിക്കുന്നതിനിടെ ഒരു മുതല അവനെ പിടിച്ച്‌ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു. സഹോദരി ഓടി വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിച്ചു. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

“മരിച്ചവരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്,” മരിച്ചയാളുടെ കുടുംബത്തിന് വനം വകുപ്പ് ആവശ്യമായ സഹായം നല്‍കുമെന്ന് ഡിഎഫ്‌ഒ പറഞ്ഞു. കുളത്തില്‍ നിന്ന് മുതലയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനെ പിന്നീട് നദിയിലേക്ക് മാറ്റും.