ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ രാജിയ്‌ക്ക് പിന്നാലെ വ്യാപക അക്രമം.. ഭരണക്ഷി എംപി കൊല്ലപ്പെട്ടു. വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്ന എംപിയെ അക്രമാസക്തരായ ജനം വളഞ്ഞതോടെ അദ്ദേഹം ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയും ഒരു കെട്ടിടത്തിലേക്ക് ഓടി കയറുകയുമായിരുന്നു. എന്നാൽ പിന്നാലെ ക്ഷുഭിതരായ ആയിരക്കണക്കിന് വരുന്ന ജനങ്ങൾ എത്തി കെട്ടിടം വളയുകയായിരുന്നു. തുടർന്ന് എംപി സ്വയം വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.അമരകീർത്തി അത്തുകോറളയാണ് മരിച്ചത്.

ജനങ്ങൾ തോക്ക് ബലമായി പിടിച്ചുവാങ്ങി എംപിയെ കൊല്ലുകയായിരുന്നുവെന്നും അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംപിയുടെ മരണം സംബന്ധിച്ച് ശ്രീലങ്ക കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  മന്ത്രി മന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാർ ചേർന്ന് അഗ്നിക്കിരയാക്കി.

പ്രധാനമന്ത്രി മഹിന്ദ രജപക്‌സയുടെ രാജിയോടെ ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണ്. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 139 പേർക്ക് പരിക്കേറ്റു. രണ്ട് പേർ കൊല്ലപ്പെട്ടു.

അതേസമയം പ്രധാനമന്ത്രിയുടെ രാജിയ്‌ക്ക് പിന്നാലെ രണ്ട് മന്ത്രിമാരും രാജിക്കത്ത് നൽകിയിട്ടുണ്ട്. രജപക്‌സെ അനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിലാണ് രാജി.ആക്രമണത്തെ പ്രസിഡന്റ് തള്ളിപ്പറഞ്ഞതോടെയാണ് മഹിന്ദയ്‌ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.