ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വിശദീകരണം നൽകിയത് എന്ത് അധികാരത്തിന്റെ പേരിലാണെന്ന് ബിജെപി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയാണ് ഇതു സംബന്ധിച്ച് പ്രിയങ്കയ്‌ക്ക് വിശദീകരണം നല്കിയത്.

‘പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രിയങ്കക്ക് വിശദീകരണം നൽകാൻ മാത്രം എന്ത് ഭരണഘടനാധികാരമാണ് അവർക്ക് നൽകിയിരിക്കുന്നത്? വിഷയത്തിൽ വിശദീകരണം ബോധ്യപ്പെടുത്താൻ മാത്രം ആരാണ് പ്രിയങ്ക? ചന്നി.. നിങ്ങൾ ഇനിയെങ്കിലു സത്യം പറയണം. തന്റെ ജോലി ഭംഗിയായി പൂർത്തിയാക്കിയ വിവരം അറിയിക്കാനല്ലേ താങ്കൾ പ്രിയങ്കയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച നിങ്ങൾ എല്ലാവരുടെയും ആസൂത്രിത നീക്കമല്ലേ?’ ബിജെപി വക്താവ് സംബിത് പത്ര ട്വിറ്ററിൽ കുറിച്ചു.

സോണിയയുടെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രതികരിക്കാനാകുന്നില്ല, എന്നാൽ പ്രിയങ്കയ്‌ക്ക് എല്ലാം വിശദീകരിച്ചു നൽകാൻ സാധിക്കുമെന്ന് മറ്റ് ബിജെപി നേതാക്കൾ വിമർശിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റൊരാളോടും പങ്കുവെക്കില്ലെന്ന വാഗ്ദാനമാണ് ചന്നി ലംഘിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ പ്രധാനമന്ത്രി സുരക്ഷ വീഴ്ച നേരിട്ടിട്ടും ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടാണ് പഞ്ചാബ് മുഖ്യമന്ത്രിക്കുള്ളത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഒരു കിലോമീറ്റർ അകലെ വരെ ഒരു പ്രതിഷേധക്കാരും ഉണ്ടായിരുന്നില്ലെന്നും ചരൺജിത് ചന്നി വാദിക്കുന്നു.