വാഷിംഗ്ടണ്‍: യു.എസിലെ മുന്‍നിര ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഹവാന സിന്‍ഡ്രം പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. 100 സി.എ.എ ഉദ്യോഗസ്ഥരുള്‍പ്പെടെ അമേരിക്കിലെ 200ഓളം ഉന്നത തല ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തലകറക്കവും കടുത്ത തലവേദനയും ഛര്‍ദ്ദിയുമാണ് ഹവാന സിന്‍ഡ്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന രോഗത്തിന് പിന്നില്‍ റഷ്യയാണോയെന്ന സംശയം ശക്തമാണ്. സംഭവത്തില്‍ പങ്കില്ലെന്നാണ് റഷ്യയുടെ ഭാഷ്യം. ഉസാമ ബിന്‍ ലാദന്റെ താവളം കണ്ടെത്താനായി നിയമിച്ച സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹവാന സിന്‍ഡ്രത്തിന്റെ ഉറവിടം കണ്ടെത്താനായി അമേരിക്ക നിയമിച്ച്‌ കഴിഞ്ഞു.

ആസ്ട്രിയയിലെ വിയന്നയിലുള്ള യു.എസ് നയതന്ത്ര പ്രതിനിധികളില്‍ കണ്ടെത്തിയ രോഗം അതിവേഗമാണ് മറ്റു കേന്ദ്രങ്ങളിലെയും യു.എസ് ഉദ്യോഗസ്ഥരില്‍ പടര്‍ന്ന് പിടിക്കുന്നത്. നയതന്ത്ര പ്രതിനിധികള്‍ക്ക് പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്.

നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിഗമനത്തിലാണ് രോഗത്തിന് ഹവാന സിന്‍ഡ്രം എന്ന് പേരിട്ടത്. 2016ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലാണ് ആദ്യം രോഗം കണ്ടെത്തിയത് പിന്നീട്, ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, എന്നിവിടങ്ങളിലെയും യു.എസ് സ്ഥാനപതി കാര്യാലയങ്ങളിലുള്ളവരില്‍ രോഗം പടര്‍ന്ന് പിടിച്ചു. എന്നാല്‍ നിലവില്‍ ക്യൂബയല്ല, ഇതിന് പിന്നില്‍ റഷ്യന്‍ ഗൂഢാലോചനയാണെന്ന വാദം അമേരിക്കയില്‍ ശക്തമാണ്.