വോട്ടര്‍ പട്ടിക എങ്ങനെ ചോര്‍ന്നെന്ന് പറയാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണ് പരാതി നല്‍കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ടീക്കാറാം മീണക്ക് സ്ഥാനചലനമുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.

‘തന്റെ ആവശ്യപ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. സ്ഥാനമാറ്റത്തിന് ഇരട്ടവോട്ട് വിവാദവുമായി യാതൊരു ബന്ധവുമില്ല. വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ചോര്‍ന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കിയത്. വോട്ടര്‍ പട്ടിക എങ്ങനെ ചോര്‍ന്നെന്ന് പറയാനാകില്ല. അത് എങ്ങനെ ചോര്‍ന്നെന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘമാണ്’- ടിക്കാറാം മീണ പറഞ്ഞു.

സഞ്ജയ് കൗളിനെയാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണയെ ആസൂത്രണ സാമ്ബത്തികകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.