വായ്പാ തട്ടിപ്പുകേസില്‍ ലണ്ടനിലെ ജയലില്‍ കഴിയുന്ന വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. എന്നാല്‍, ഈ ഉത്തരവിലൂടെ നീരവ് മോദിയെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ കഴിയില്ല. നീരവ് മോദിക്ക് 28 ദിവസത്തിനുള്ളില്‍ ഈ ഉത്തരവിനെതിരേ യുകെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. നേരത്തെ മദ്യ വ്യവസായി വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ 2019 ഫെബ്രുവരിയില്‍ ഉത്തരവായിരുന്നു. മല്യ കോടതിയെ സമീപിച്ചതിനാല്‍ നടപടി നീണ്ടുപോവുകയാണ്. നിയമപരമായ കൈമാറ്റത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് (പിഎന്‍ബി) 14,000 കോടി വായ്പയെടുത്ത് മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നേരത്തെ, നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. കൂടാതെ കേസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. നീരവിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്. കൊവിഡും ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കുമെന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം യുകെ കോടതിയിലെ ജഡ്ജി തള്ളിയിരുന്നു.

നീരവ് മോദി നിയമാനുസൃതമായ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. യഥാര്‍ഥ ഇടപാടുകളൊന്നും ഞാന്‍ കണ്ടെത്തിയില്ല, സത്യസന്ധതയില്ലാത്ത ഇടപാടുരളാണ് നടന്നിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവയില്‍ പലതും ഇന്ത്യയില്‍ വിചാരണയ്ക്കുള്ള വിഷയമാണ്. ഇയാള്‍ക്ക് ശിക്ഷ ലഭിക്കുന്നതിനാവശ്യമായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തെളിഞ്ഞിരിക്കുന്നതായും ജഡ്ജി കൂട്ടിച്ചേര്‍ത്തു.