ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുള്ള നടന്‍ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40) ആണ് അറസ്റ്റിലയാത്. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍നിന്നു മാരകലഹരി മരുന്നുമായി പിടികൂടുകയായിരുന്നു.

2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസെടുത്തു.ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് ഇയാള്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത്. റെയ്ഡില്‍ സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.