പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്ന ദേവാലയമായിരിന്നു കത്തീഡ്രല്‍.

ഇന്നലെ ദേവാലയ അഗ്നിബാധയുണ്ടായ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദര്‍ശനം നടത്തിയിരിന്നു. പുനര്‍നിര്‍മ്മാണം നിശ്ചയിച്ചിരിക്കുന്നതുപോലെ 2024 ല്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹാരണത്തിനും നേതൃത്വം നല്‍കുന്നവര്‍ക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 7 ബില്യൺ ഡോളർ ചെലവ് വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 830 മില്യൺ ഡോളർ സംഭാവനയായി സ്വരൂപിച്ചതായി സാംസ്കാരിക മന്ത്രി റോസ്‌ലിൻ ബാച്ചലോട്ട് നിയമസഭാംഗങ്ങളോട് പറഞ്ഞു.