കൊവിഡ് വാക്‌സിന്റെ ഉപയോഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനെയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്. ജനുവരി 16ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

 

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ജനുവരി 16 മുതല്‍ വാക്‌സിന്‍ ഉപയോഗം രാജ്യത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഡ്രൈ റണ്‍ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടന്ന ഒരുക്കങ്ങള്‍ ത്യപ്തികരമാണെന്ന് യോഗം വിലയിരുത്തി. മുന്നൊരുക്കങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണസമയവും അവലോകനം ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.

പൂനെയില്‍ നിന്നുള്ള വാക്‌സിന്‍ നീക്കങ്ങള്‍ ഇന്നലെയും ആരംഭിക്കാതിരുന്നത് മറ്റെല്ലാ തയാറെടുപ്പുകള്‍ക്കും ഇടയില്‍ ആശങ്കയായി. ഇപ്പോഴത്തെ വിവരം അനുസരിച്ച് ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ വാക്‌സിനുകളുടെ എയര്‍ ലിഫ്റ്റ് സാധ്യമാകും.തിങ്കളാഴ്ച പൂനെയില്‍ നിന്ന് വാക്‌സിന്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

വെള്ളിയാഴ്ച നടക്കേണ്ട വാക്‌സിന്‍ നീക്കം വൈകുന്നത് തങ്ങളുടെ വീഴ്ച കൊണ്ടല്ലെന്ന് പൂനെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിംഗ് അറിയിച്ചു. 150 ടണ്‍ വാക്‌സിന്‍ കാര്‍ഗോകള്‍ പ്രതിദിനം അയക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വിതരണം വൈകാന്‍ കാരണം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ക്കാരും തമ്മില്‍ വിലയുടെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായത് കൊണ്ടാണെന്ന അഭ്യൂഹങ്ങളെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും തള്ളി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങള്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിലയിരുത്തും. യോഗത്തിന് മുന്നോടിയായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരെയും തിങ്കളാഴ്ച കാണുന്നുണ്ട്. രാജ്യത്ത് ജനുവരി 16 മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടുന്ന മൂന്നു കോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളില്‍ പ്രായമുള്ളവരും 50 വയസിന് താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.