കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ജോസ് കെ.മാണിക്ക് എൽഡിഎഫ് മന്ത്രിപദവിയിലേക്കു വഴിയൊരുക്കുമോ?

ഇടതുമുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകളിൽ മന്ത്രിസ്ഥാനം എന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നു കേരള കോൺഗ്രസ് (എം) നേതാക്കൾ പറയുന്നു. കേരള കോൺഗ്രസിനു (എം) മന്ത്രിസ്ഥാനം നൽകാൻ സിപിഎമ്മിനു താൽപര്യമുണ്ട്. കേരള കോൺഗ്രസിനെ (എം) ഘടക കക്ഷിയാക്കാൻ സിപിഎമ്മാണു കൂടുതൽ താൽപര്യം കാണിച്ചത്. സിപിഐ ഈ നീക്കത്തെ തുടക്കത്തിൽ എതിർത്തു. എതിത്തവർക്കുള്ള മറുപടി കൂടിയാണു മന്ത്രിസ്ഥാനം.

കേരള കോൺഗ്രസിലും രണ്ട് അഭിപ്രായമുണ്ട്. തൽക്കാലം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ ജോസ് കെ.മാണിക്കു താൽപര്യമില്ലെന്നാണ് അറിവ്. നിയമസഭയിൽ അംഗമാകാതെ മന്ത്രിസ്ഥാനം ഏറ്റെടുക്കാനാണു ജോസ് കെ.മാണിക്കു മടി. മന്ത്രിസ്ഥാനത്തിരുന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മടിയുണ്ട്. നിയമസഭയുടെ കാലാവധി തീരാൻ ആറു മാസമേയുള്ളൂ എന്നതിനാൽ മന്ത്രിയാകാൻ ഇനി തിരഞ്ഞെടുപ്പ് ആവശ്യമില്ല.

എന്നാൽ, പാർട്ടിയിലെ മറ്റു നേതാക്കളുടെ അഭിപ്രായം മറിച്ചാണ്. എൽഡിഎഫ് മന്ത്രിസഭയിൽ ഇപ്പോൾത്തന്നെ ചേരണമെന്ന് ഇവർ ആഗ്രഹിക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കുന്നതു പാർട്ടിയുടെ വളർച്ചയ്ക്കു നല്ലതാണ് എന്നാണ് ഇവരുടെ വാദം. പാർട്ടിക്കു മന്ത്രിപദവി ലഭിച്ചാൽ മറ്റു കേരള കോൺഗ്രസുകളിൽനിന്നു നേതാക്കൾ ഒഴുകിയെത്തും.

റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവരാണു കേരള കോൺഗ്രസ് എംഎൽഎമാർ. ജോസ് കെ. മാണിക്കു താൽപര്യമില്ലെങ്കിൽ ഇവരിൽ ഒരാൾക്കു മന്ത്രിയാകാം. എന്നാൽ, ചെയർമാൻ മന്ത്രിയാകണമെന്നാണു പാർട്ടിയിലെ അഭിപ്രായം.

രാജ്യസഭാ അംഗത്വം രാജിവച്ചേക്കും

ജോസ് കെ.മാണി ഉടനെ രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്നാണ് അറിവ്. രാജ്യസഭാ സീറ്റ് വീണ്ടും കേരള കോൺഗ്രസിനു (എം) തന്നെ എൽഡിഎഫ് നൽകിയേക്കും. പാർട്ടിയിലെ തന്നെ മറ്റൊരു നേതാവിനു രാജ്യസഭാ അംഗത്വം നൽകാനും ധാരണയായിട്ടുണ്ട്. നേരത്തേ, ഡോ. എൻ.ജയരാജ്

എംഎൽഎയ്ക്കു രാജ്യസഭാ സീറ്റ് നൽകാൻ ആലോചന വന്നിരുന്നു. ജയരാജ് ജയിച്ച കാഞ്ഞിരപ്പള്ളി സീറ്റ് നിലവിൽ ഇടതു മുന്നണിയിൽ നിന്നു മത്സരിച്ച സിപിഐക്കു തന്നെ നൽകുന്നതിന്റെ ഭാഗമായാണ് ഈ ചർച്ച വന്നത്. എന്നാൽ, ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിനു (എം) തന്നെ ലഭിക്കുമെന്നാണു സൂചന.