കോവിഡ് ഏറ്റവും ആദ്യം ആഞ്ഞടിച്ചതും ആഴത്തിൽ മുറിവേൽപിച്ചതും ഏറ്റവും ദീർഘകാലം ആഘാതം ഏൽപ്പിച്ചതും ഏറ്റവും അവസാനം രോഗമുക്തി വരുത്തുന്നതുമായ മേഖലയാണ് ടൂറിസം. അത്രമാത്രം സമൂഹവുമായും സമ്പദ്ഘടനയുമായും ബന്ധപ്പെട്ട ആ വ്യവസായ മേഖലയെ നിശ്ചലമാക്കി, കോടിക്കണക്കിന് ജനങ്ങളെ അനിശ്ചിതാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളിലേക്കാണ് കോവിഡ് കൊണ്ടെത്തിച്ചത്. ഇതിൽ നിന്നൊരു മോചനം എന്ന് ഉണ്ടാകുമെന്ന് ഇപ്പോഴും ധാരണയില്ലാത്ത ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇതിനു മുൻപ് സാർസ് തകർത്ത ടൂറിസം മേഖല തിരിച്ചെത്തിയത് രണ്ടു വർഷത്തോളം എടുത്താണെങ്കിൽ, ഇപ്പോഴത്തെ വിശകലനം അനുസരിച്ച് കോവിഡ് 19 മൂലം തകർന്ന ടൂറിസം മേഖല പഴയ നിലയിലെത്താൻ 3 മുതൽ 4 വരെ വർഷം എടുത്തേക്കാം . ‘കുത്തുപാളയെടുത്ത’ വ്യോമയാന മേഖല തിരിച്ചു കയറണമെങ്കിൽ ചുരുങ്ങിയത് 2025 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.

ഇന്ത്യയിൽ രാജ്യാന്തര വ്യോമയാന മേഖല ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഇന്റർനാഷനൽ ടൂറിസ്റ്റ് വീസയ്ക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കിയിട്ടില്ല. കഴിഞ്ഞ 9 മാസമായി അടഞ്ഞു കിടക്കുന്ന ടൂറിസം മേഖല നടുക്കടലിൽപ്പെട്ട അവസ്ഥയിലാണ്.

ഇന്ത്യയിൽ മാർച്ചിൽ തുടങ്ങിയ ലോക്ഡൗൺ സാഹചര്യം ഇപ്പോഴും തുടരുക തന്നെയാണ്. സംസ്ഥാന അതിർത്തികൾ തുറന്നെങ്കിലും ഇപ്പോഴും ടൂറിസം സാധാരണ നില കൈവരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ക്വാറന്റീൻ നിയമങ്ങളും യാത്രാ നിയന്ത്രണങ്ങളും സഞ്ചാരികളെ ഇപ്പോഴും വീടുകൾക്കുള്ളിൽ അടച്ചിടുന്നു. സംസ്ഥാനാതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന പ്രാദേശിക ടൂറിസത്തിന്റെ സമയമാണിപ്പോൾ. ഒരർഥത്തിൽ അതൊരു നല്ലൊരു കാര്യമാണെന്ന് പറയാതെ വയ്യ. സ്വന്തം നാടും പ്രകൃതിയും സംസ്കാരവും അടുത്തറിയാതെ വിദേശ രാജ്യങ്ങളിലേക്ക് ഹോളിഡേക്കായി പറന്നിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികൾക്ക് സ്വന്തം സ്വത്വം തിരിച്ചറിയാനുള്ള ഒരു സുവർണാവസരമാണ് കൊറോണ വൈറസ് നൽകിയത്.

കേരളത്തിൽ ടൂറിസം മേഖല കഴിഞ്ഞ മാർച്ച് മുതൽ അടഞ്ഞു കിടക്കുകയായിരുന്നു. ഏകദേശം 9 മാസങ്ങൾക്കു ശേഷമാണ് സർക്കാർ തന്നെ ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി കൊടുത്തത്. അതും കർശന നിയന്ത്രണങ്ങളോടെ. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ അടച്ചിടലും അസന്ദിഗ്ധാവസ്ഥയും തളർത്തിയ ടൂറിസം മേഖലയുടെ അവസാന പ്രതീക്ഷയായി പകുതി മാത്രം റൂമുകളിൽ ആളെ പ്രവേശിപ്പിക്കുന്നുണ്ട്. ശക്തവും സുരക്ഷിതവുമായ മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളും തുറന്നിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഒരു വെള്ളിവെളിച്ചം. ഡിസംബർ ഒന്ന് മുതൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും കെട്ടുവള്ളങ്ങളും പ്രതീക്ഷകളോടെ സഞ്ചാരികളെ സ്വീകരിക്കാൻ തയാറായിരിക്കുന്നു.

ആദ്യം നമുക്കു കേരളം കാണാം, പിന്നെ ഭാരതം, അതു കഴിഞ്ഞു ലോകം

എത്രയോ നൂറ്റാണ്ടുകളായി ലോകമെങ്ങുമുള്ള സഞ്ചാരികൾ നമ്മുടെ ഗ്രേറ്റ് മലബാർ കോസ്റ്റ് തേടി കേരള തീരത്തെത്തിയിരുന്നു. പ്രകൃതിസമ്പത്തും കറുത്ത പൊന്നും ഏലവും തുടങ്ങി നമ്മുടെ മഹത്തായ സംസ്കാരവും പൈതൃകവുമൊക്കെ അവരുടെ മനം കവർന്നിരുന്നു. ഹുയാൻ സാങ്ങും ഇബിനു ബത്തൂത്തയും വാസ്കോ ഡി ഗാമയും വെറുതെയല്ല കേരളം കാണാനെത്തിയത്. എന്നാൽ കേരളത്തിലെ മഹത്തായ നാവിക പൈതൃകത്തെ കുറിച്ച് നമ്മിൽ എത്ര പേർക്കറിയാം? കേരളത്തിലെ മനോഹരമായ കടൽത്തീരങ്ങൾ മുഴുവൻ കണ്ട എത്ര മലയാളികളുണ്ട്? ഒരു മനുഷ്യായുസ്സിൽ ഒരു സഞ്ചാരി കണ്ടിരിക്കേണ്ട കുട്ടനാട്ടിലെ കായലോരങ്ങളും കെട്ടുവള്ളങ്ങളിലെ താമസവും വായിൽ കപ്പോലോടിക്കാൻ പോന്നത്ര സ്വാദിഷ്ടമായ നസ്രാണി വിഭവങ്ങളും (മലബാറിലെ മാപ്പിള വിഭവങ്ങൾ പോലെ, വള്ളുവനാട്ടിലെ സദ്യ പോലെ ) ആസ്വദിച്ച എത്ര കേരളീയർ ഉണ്ട്?

ബ്രസീലിൽനിന്നു വന്ന കപ്പയും പോർച്ചുഗലിൽനിന്നു വന്ന പുട്ടും സ്വന്തമാക്കിയ മലയാളി എന്തുകൊണ്ട് ആ നാട്ടുകാരെ ഇങ്ങോട്ടു കൈനീട്ടി സ്വീകരിക്കാൻ പദ്ധതികൾ തയാറാക്കിയില്ല? ലണ്ടൻ നഗരത്തിൽ ഉള്ള അത്രപോലും, തനതായ, സ്വാദിഷ്ടമായ കേരള രുചി സഞ്ചാരികൾക്ക് നൽകാൻ കഴിയുന്ന ഒറിജിനൽ കേരള റസ്റ്റോറന്റുകൾ എന്തുകൊണ്ട് കേരളത്തിൽ ഉണ്ടായില്ല? തലശ്ശേരിയിലെ ആയിഷ മൻസിലിൽ ഇരുന്ന് വർഷം മുഴുവൻ ഫ്രാൻ‌സിൽനിന്നും ജർമനിയിൽനിന്നുമുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന മൂസയും ഫായിസയും തീർക്കുന്ന വിജയഗാഥ എന്തുകൊണ്ട് മറ്റുള്ള മലയാളികുടുംബങ്ങളിൽ ആവർത്തിക്കുന്നില്ല? വയനാട്ടിലെ ഉറവിൽ പുനഃസൃഷ്ടിക്കുന്ന മുളന്തണ്ടുകളിലെ വിസ്മയം തേടിയെത്തുന്ന സഞ്ചാരികളെ എന്തുകൊണ്ട് മറ്റിടങ്ങളിൽ എത്തിക്കാനാകുന്നില്ല? കുമരകത്തെ ഗ്രാമീണ കാഴ്ചകൾ കാണിക്കുന്ന ഉത്തരവാദ ടൂറിസം മോഡൽ കേരളത്തിൽ മൊത്തത്തിൽ ആവിഷ്ക്കരിക്കാൻ എന്തുകൊണ്ട് മലയാളി മടിക്കുന്നു?

കഴിഞ്ഞ 30 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 12 % സംഭാവന ചെയ്യാൻ കെൽപുള്ള മേഖലയായി വളർന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇപ്പോഴും ടൂറിസത്തെ സടകൊഴിഞ്ഞ സിംഹത്തെപ്പോലെ കൂട്ടിൽ തളച്ചിടുന്നത്? കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനത്തോടെ പറയുന്ന മലയാളി, മൂന്നു പതിറ്റാണ്ടിനിപ്പുറവും പുതിയ ഒരു മേഖല കണ്ടെത്താൻ കഴിയാത്ത മലയാളി, എന്തുകൊണ്ട് ഇപ്പോഴും നല്ലൊരു ടൂറിസം ആതിഥേയ സമൂഹം ആയി മാറുന്നില്ല? ദാഹജലം തേടിയുള്ള യാത്രയുടെ പ്രതീകമായ കാസർകോട്ടെ സുരംഗയും അറബി നാടുകളിലൂടെ ലോക പ്രസിദ്ധമായ കൊയിലാണ്ടിയിലെ ഹുക്കയും വയനാട്ടിലെ മൺസൂൺ മലബാറി കാപ്പിയും ഇനിയും കേട്ടിട്ടു കൂടിയില്ലാത്ത മലയാളികളില്ലേ നമുക്കിടയിൽ ? ലോകത്തിലെ ഏറ്റവും മികച്ച സമുദ്രയാനങ്ങൾ എന്ന് ഒരുകാലത്തു പാശ്ചാത്യ നാവികർ അദ്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ബേപ്പൂർ ഉരുവിന്റെ ഇന്നത്തെ ശോചനീയാവസ്ഥക്കു കാരണക്കാർ ആരാണ് ?

കൊറോണ വൈറസിനെ മനുഷ്യൻ ഇതുവരെ കീഴടക്കിയിട്ടില്ല. ഫലപ്രദമായ വാക്സീൻ എന്ന സങ്കൽപത്തിന്റെ അടുത്തെത്തി നിൽക്കുന്ന ഒരു ആഗോള സമൂഹത്തിൽ, കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയാണ് ഓരോ ശരാശരി മലയാളിയും. മലയാളി മാസ്ക് ധരിക്കുന്നു, ശാരീരിക അകലം പാലിക്കുന്നു, കൈകൾ ശുദ്ധമാക്കുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും നാം ഓണം ആഘോഷിച്ചു. പഞ്ചായത്തു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്തു. കൊറോണ പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്തു. നാം കൊറോണയ്ക്കൊപ്പം ജീവിക്കാൻ തയാറായിക്കഴിഞ്ഞു. അതാണ് കഴിഞ്ഞ രണ്ടു വാരാന്ത്യങ്ങളിൽ മൂന്നാറിലും വയനാട്ടിലും കാണുന്നത്. കൊറോണ പഠിപ്പിച്ച ശീലങ്ങൾ വിതത്തിന്റെ ഭാഗമാക്കി മുന്നേറാൻ തയാറാവുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മാസമായി വിവിധ രംഗങ്ങളിൽ കേരളമെങ്ങും കാണുന്നത്. മൂന്നാറും പൂവാറും വയനാടും കുമരകവും വാരാന്ത്യങ്ങളിൽ കേരളീയ സഞ്ചാരികളാൽ സമ്പുഷ്ടമാണ്. റിസോർട്ടുകൾ അനുവദനീയമായ മുറികൾ മുഴുവൻ നിറച്ചു കൊണ്ട് പ്രതീക്ഷകളുടെ ഒരു നവ വത്സരത്തെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

കോവിഡ് സംബന്ധമായ ആഗോള – ദേശീയ തലത്തിലെ സാമ്പത്തിക, സാമൂഹിക രംഗത്തെ മാറ്റങ്ങളെ, സാന്ദർഭികമായി കാണാതെ മൊത്തത്തിൽ വിലയിരുത്തിയാൽ മാത്രമേ കോവിഡാനന്തര കേരളത്തെയും ടൂറിസം മേഖലയെയും സ്വയം വിമർശനാത്മകമായും ക്രിയാത്മകമായും അപഗ്രഥിക്കാനാകൂ. നമ്മുടെ ജീവിതകാലത്തെ ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയാണ് കോവിഡ് -19 സൃഷ്ടിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ അനിശ്ചിതാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ, വേൾഡ് ടൂറിസം ഫോറം എന്നീ സംഘടനകളാണ് ആഗോളതലത്തിലും ദേശീയതലത്തിലും ജിഡിപി ഗണ്യമായി ചുരുങ്ങുമെന്നും യാത്ര, ടൂറിസം, വ്യവസായം എന്നിവയാകും ഏറ്റവും മോശമായി ബാധിക്കപ്പെടുന്ന മേഖലകളെന്നും വിലയിരുത്തിയത്.

ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് വിവിധ സാമ്പത്തിക ശാസ്ത്രജ്ഞരും ടൂറിസം വിദഗ്ധരും അവരുടെ സ്ഥിതിവിവര കണക്കുകളും വിശകലനറിപ്പോർട്ടുകളും പുറത്തു വിടുന്നത്. കോവിഡ് പ്രതിസന്ധിയിലാക്കാത്തത് ആരോഗ്യ, ഓൺലൈൻ ടെക്നോളജി മേഖലകളെ മാത്രമാണ്. റിയൽഎസ്റ്റേറ്റ്, ഏവിയേഷൻ, മാനുഫാക്ചറിങ്, ഓട്ടമൊബീൽ, എനർജി, റീട്ടെയിൽ തുടങ്ങിയ സകലമാന മേഖലകളും തകർന്നടിഞ്ഞു. 2020-21ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തിൽനിന്ന് മൈനസ് 6 ശതമാനമായി വൻ ഇടിവാണ് നേരിടാൻ പോകുന്നത്

കോവിഡിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിൽനിന്ന് കൃത്യവും വ്യാപകവുമായ നമ്മുടെ അതിജീവനത്തിനായുള്ള വീണ്ടെടുപ്പിന്, ആഗോളതലത്തിലും മേഖലാതലങ്ങളിലും ദേശീയ തലത്തിലും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിയന്ത്രണങ്ങൾ എടുത്തു കളയേണ്ടത് അത്യാവശ്യമാണ്. അത് ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനു മാത്രമല്ല സഹായിക്കുക. റിയൽഎസ്റ്റേറ്റ്, ട്രാൻസ്പോർട്ട്, ഓട്ടമൊബീൽ, ഏവിയേഷൻ, റീട്ടെയിൽ തുടങ്ങി വിവിധ വ്യാവസായിക രംഗങ്ങളുടെ തിരിച്ചുവരവിനും അത് അത്യന്താപേക്ഷിതമാണ്.

നിർഭാഗ്യവശാൽ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അത് ഇപ്പോഴും എത്രമാത്രം ഉൾക്കൊണ്ടാണ് ഇവിടെ ഭാവി ആസൂത്രണം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിൽ 10 ശതമാനവും കേരളത്തിൽ 12 ശതമാനവും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ സംഭാവന ചെയ്യുന്ന മേഖലയെ മുൻഗണനാ പട്ടികയിൽ പെടുത്താനോ മറ്റുള്ള വ്യവസായ മേഖലകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ നൽകാനോ തയാറാകാത്ത ചിറ്റമ്മ നയത്തിനിടയിലും ഇത്രയൊക്കെ ഒരു മേഖല സ്വയം ചെയ്യുന്നു എന്നതു തന്നെ ഒരു ലോകോത്തര മാതൃകയാണ് എന്ന കാര്യത്തിൽ സംശയമില്ല