തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരാകുന്നതില്‍ ആശങ്ക പങ്കുവച്ച്‌ ആരോഗ്യവകുപ്പ്. ഇന്നലെ വരെ 435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 221 പേര്‍ ഡോക്ടര്‍മാരും നഴ്സുമാരുമാണ്. ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ, കൊവിഡ്-കൊവിഡ് ഇതര ചികിത്സകളെ സാരമായി ബാധിക്കുന്നുണ്ട്.

435 പേരില്‍ 98 പേര്‍ ആശുപത്രി ജീവനക്കാരാണ്. 52 പേര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്. ആശ വൊളന്റിയര്‍മാര്‍ 36. പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ 26 പേരും 2 സന്നദ്ധപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവ് ആയവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിലാണ് ഈ കണക്ക് ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് തിരുവനന്തപുരം ജില്ലയിലാണ്- 94 പേര്‍. ഇതില്‍ 49 പേര്‍ ഡോക്ടര്‍മാരും നഴ്സുമാരുമാണ്.

സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ആര്‍സിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഇങ്ങനെ രോഗം എല്ലാ മേഖലകളിലും പിടിമുറുക്കി. തുടക്കത്തില്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് വില്ലനായതെങ്കില്‍ പിന്നീട് അതിന്‍റെ ഗുണനിലവാരമില്ലായ്മയും അടുത്ത സമ്ബര്‍ക്കവും എല്ലാം രോഗബാധയ്ക്ക് കാരണമായി. ഡോക്ടര്‍മാരും നഴ്സുമാരും രോഗ ബാധിതരായതോടെ രോഗികളും കൂട്ടിരിപ്പുകാരും രോഗബാധിതരാകുന്ന സാഹചര്യമുണ്ടായി. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെ പേര്‍ നിരീക്ഷണത്തിലേക്കും പോയി. ഇതോടെ വാര്‍ഡുകള്‍ പലതും അടച്ചു. രോഗി പരിചരണത്തിലും പ്രശ്നങ്ങളുണ്ടായി. പലയിടത്തും അടിയന്തരമല്ലാത്ത എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും നിര്‍ത്തി.

കോവിഡ് ആശുപത്രികള്‍ അല്ലാത്ത മറ്റു ചികിത്സാകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ടെന്നത് രോഗവ്യാപനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇവരില്‍ പലരുടെയും രോഗസ്രോതസ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കോവിഡ് തിരിച്ചറിയാത്ത പലരും മറ്റു രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നുണ്ടെന്നാണ് നിഗമനം. തുടക്കത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലെ പാളിച്ചകളാണ് കോവിഡ് ബാധയ്ക്കു കാരണമായതെങ്കിലും ഇപ്പോള്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ചികിത്സയിലും രോഗി പരിചരണത്തിലുമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചികിത്സ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ആശുപത്രികളില്‍ ജീവനക്കാരുടെ കുറവുണ്ടാകാതിരിക്കാന്‍ ചില ആശുപത്രികള്‍ ഒരു കൂട്ടം ജീവനക്കാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും അത് പ്രാവര്‍ത്തികമായിട്ടില്ല.