കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നത് സ്വപ്ന സുരേഷിനാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം എവിടെ നിന്നുമാണ് വരുന്നതെന്നും ആര്‍ക്കാണ് അത് നല്‍കുന്നത് എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയാവുന്നത് സ്വപ്നയ്ക്കാണെന്നാണ് സരിത്ത് പറയുന്നത്.

ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്ത് സ്വപ്നയെ സംബോധന ചെയ്തത്. മാത്രമല്ല, സര്‍ണക്കടത്തിലെ ഇടപാടുകാരനും മുസ്ലിം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നും പറയപ്പെടുന്ന റമീസിനെ കുറിച്ച്‌ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും ഇയാള്‍ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ്‌ സരിത്ത് ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷിനെ തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. സ്വപ്നയെയും സരിത്തിനെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിക്കുക.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അതിന് അനുവാദം നല്‍കിയില്ല. കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കണമെന്നും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.