മലയാളത്തിൽ വീണ്ടുമൊരു താരവിവാഹം. യുവനടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് ദീപക് അപർണയ്ക്ക് താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ താരങ്ങൾ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. 

കസവ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ് അതിസുന്ദരിയായാണ് അപർണയെത്തിയത്. ദീപക് കസവുമുണ്ടണിഞ്ഞു. താലികെട്ടിന് ശേഷം ഇരുവരും പരസ്പരം തുളസിമാലയണിഞ്ഞു.  നടൻ സിജുവത്സൻ അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘ക്യാപ്റ്റന്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’,  ‘ദി ഗ്രേറ്റ് ഫാദര്‍’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അടുത്തിടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘മഞ്ഞുമ്മല്‍ ബോയ്‌സി’ൽ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം.