ദോഹ: ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം യാത്രക്കാരിക്കുണ്ടായ സാമ്പത്തികവും മാനസികവുമായ നാശനഷ്ടങ്ങള്‍ക്ക് പകരമായി അവര്‍ക്ക് 20,000 റിയാല്‍ നല്‍കാനാണ് കോടി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെയോ യാത്രക്കാരിയുടെയോ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തന്നെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കും കോടതി ചെലവുകള്‍ക്കും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം റിയാല്‍ ആവശ്യപ്പെട്ട് എയര്‍ലൈനിനെതിരേ യാത്രക്കാരി നല്‍കിയ പരാതിയിലാണ് ഖത്തര്‍ കോടതിയുടെ ഉത്തരവ്. അറബി ദിനപത്രമായ അല്‍ ശര്‍ഖാണ് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദോഹയില്‍ നിന്ന് ഒരു അറബ് തലസ്ഥാനത്തേക്കുള്ള യാത്രക്കാരി വിമാനത്തിന്റെ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് ഗെയിറ്റിലെത്തിയപ്പോള്‍ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ജീവനക്കാരി തടയുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി. എന്നാല്‍ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും ജിവനക്കാരന്‍ വഴങ്ങാന്‍ തയ്യാറായില്ല. വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് താന്‍ ബോര്‍ഡിംഗ് ഗേറ്റില്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നു. അക്കാര്യം പറഞ്ഞു നോക്കിയെങ്കിലും ജീവനക്കാരന്‍ തനിക്കെതിരേ കയര്‍ക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.