ലണ്ടൻ: റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയക്കുന്നത് സംബന്ധിച്ച വിവാദ ബിൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കി. അഭയാർഥികളെ നാടുകടത്താനുള്ള നടപടികൾ ജൂലൈയിൽ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.   ഈ ആഴ്ച അവസാനത്തോടെ ചാള്‍സ് രാജാവിന്റെ സമ്മതം കൂടി ലഭിച്ചാല്‍ ബിൽ നിയമമാകും.

“എല്ലാ മാസവും, അഭയാർത്ഥികൾക്കായി ഒന്നിലധികം ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കും. എന്ത് സംഭവിച്ചാലും ഈ വിമാനങ്ങൾ പറക്കും” ഋഷി സുനക് കൂട്ടിച്ചേർത്തു. അധിക സുരക്ഷകളില്ലാതെ ഈ ബിൽ പാസാക്കുന്നതിന് ബ്രിട്ടിഷ് പാര്‍ലമെന്റ് കുറച്ചുനാളുകളായി വിസമ്മതിച്ചിരുന്നു. എന്നാല്‍ ബിൽ പാസാക്കുന്നത് വരെ തിങ്കളാഴ്ച രാത്രി വൈകിയും പാര്‍ലമെന്റ് ചേരുമെന്ന് സുനക് വ്യക്തമാക്കിയതോടെ എതിര്‍ത്തവര്‍ക്ക് വഴങ്ങേണ്ടിവരികയായിരുന്നു. 

2022ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ്  റുവാണ്ട നാടുകടത്തൽ ബിൽ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ഈ ബിൽ ബ്രിട്ടൻ്റെ ആഭ്യന്തര അന്താരാഷ്‌ട്ര മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതായി വിദഗ്ധർ പ്രതികരിച്ചു. ശക്തമായ എതിർപ്പിനെ അവഗണിച്ച് സുപ്രീം കോടതി വിധിയെ പോലും അവഗണിച്ചാണ് പുതിയ ബിൽ പാസാക്കിയതെങ്കിലും റുവാണ്ടയിലേക്ക് വലിയ തോതിൽ അഭയാർഥികളെ അയക്കില്ലെന്നാണ് റിപ്പോർട്ട്.

റുവാണ്ട ബില്ല് 

റുവാണ്ടയുമായി ധാരണയായ ബില്ല് പ്രകാരം ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കും. ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റവും കള്ളക്കടത്തും തടയുകയാണ് റുവാണ്ട ബില്ലിൻ്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

അഭയാർത്ഥി പ്രവാഹം തടയുന്നത് സർക്കാരിൻ്റെ മുൻഗണനയാണെങ്കിലും, റുവാണ്ടയിലേക്ക് അഭയാർത്ഥികളെ നാടുകടത്താനുള്ള പദ്ധതി മനുഷ്യാവകാശങ്ങൾക്ക് എതിരാണെന്ന് വിമർശകർ പറയുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്.