തായ്‌പേയ്: തായ്വാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2:26 നാണ് ഭൂചലനമുണ്ടായതെന്ന് ദ്വീപ് രാഷ്ട്രത്തിന്റെ സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കിഴക്കന്‍ പ്രവിശ്യയിലെ ഹൂലിയന്‍ കൗണ്ടിയില്‍ ഷൗഫെംഗ് ടൗണ്‍ഷിപ്പിന് 2 കിലോമീറ്റര്‍ അടുത്താണ് പ്രഭവകേന്ദ്രം. ഏപ്രില്‍ 3ന് ഇവിടെയുണ്ടായ 7.2 തീവ്രതയുണ്ടായിരുന്ന ഭൂകമ്പത്തില്‍ 14 പേര്‍ മരിച്ചിരുന്നു. രണ്ട് ഭൗമാന്തര്‍ ഫലകങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തായ്‌വാനില്‍ ഭൂചലന സാധ്യത ഏറെയാണ്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ദ്വീപിനെ വിറപ്പിച്ച് ഭൂചലന പരമ്പര തന്നെ ഉണ്ടായിരുന്നു. 80 ല്‍ ഏറെ കമ്പനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലെ ഏറ്റവും വലിയ ഭൂകമ്പമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ ആടിയുലയുന്നതായി അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ തായ്വാന്‍ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.