കൊച്ചി: ബിഹാറിൽനിന്ന് കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇർഫാൻ ഉപയോഗിച്ചത് ഒരു സ്ക്രൂ ഡ്രൈവർ മാത്രം. ആളുകളുള്ള വീടുകളിൽ കയറി ആരുമറിയാതെ മോഷണം നടത്തുന്നതിൽ വിദഗ്ധനാണ് ഇർഫാൻ.

അതീവ സുരക്ഷയുള്ള പാർപ്പിട മേഖലകളിലും മോഷണം നടത്തി മുങ്ങും. ഇന്റർനെറ്റിൽ പ്രദേശം തിരഞ്ഞ് കണ്ടെത്തിയ ശേഷം ബിഹാറിൽനിന്ന് കാറെടുത്ത് പുറപ്പെടും. സമ്പന്നരുടെ കേന്ദ്രങ്ങളെക്കുറിച്ച് ആദ്യം പഠിക്കും. ഒരാഴ്ചവരെ സ്ഥലത്ത് തങ്ങിയ ശേഷമാകും വീട് കണ്ടെത്തുക.

സാഹചര്യങ്ങൾ അനുകൂലമായാൽ മതിൽ ചാടി ഉള്ളിലെത്തും. മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടുപൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തും. ആഭരണങ്ങളാണ് കൂടുതൽ പ്രിയം. അര മണിക്കൂറിൽ താഴെ സമയം കൊണ്ട് എത്ര സുരക്ഷയുള്ള ലോക്കറും തകർത്ത് ആഭരണങ്ങളുമായി സ്ഥലംവിടും. സംവിധായകൻ ജോഷിയുടെ വീട്ടിലും ഏതാണ്ട് അര മണിക്കൂറേ ഇർഫാൻ ചെലവഴിച്ചിട്ടുള്ളൂ.

ജോഷിയുടെ വീട്ടിൽനിന്ന് അപഹരിച്ച മുഴുവൻ ആഭരണങ്ങളും കണ്ടെടുക്കാനായതും സംഭവം നടന്ന 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാനായതും സിറ്റി പോലീസിന് അഭിമാനമായി.