അഹമ്മദാബാദ്: നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. അഞ്ച് വർഷം കൊണ്ട് അമിത് ഷായുടെ സ്വത്ത് ഇരട്ടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ അദ്ദേഹത്തിൻ്റെ ആസ്തി 36 കോടി രൂപയാണ്. എന്നാൽ, തനിക്ക് ഒരു കാർ പോലുമില്ലെന്നാണ് അമിത് ഷായുടെ വാദം.

 20 കോടി രൂപയുടെ ജംഗമ വസ്തുക്കളും 16 കോടിയുടെ സ്ഥാവര വസ്തുക്കളുമാണു സ്വത്തുവിവരങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 72 ലക്ഷം രൂപയുടെ ആഭരണങ്ങളും സമ്ബാദ്യത്തിലുണ്ട്. കൈയില്‍ 24,000 രൂപയാണ് പണമായുള്ളത്.

31 കോടി രൂപയാണ് ഭാര്യ സോണാൽ ഷായുടെ ആസ്തി. 22.46 കോടിയുടെ ജംഗമ ആസ്തികളും ഒമ്പത് കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഇതോടൊപ്പം 1.10 കോടിയുടെ ആഭരണങ്ങളുമുണ്ട്. ഇരുവർക്കും 65.67 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.