ജാർഖണ്ഡിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ഏറ്റുമുട്ടി കോൺഗ്രസ് – ആർജെഡി പ്രവർത്തകർ. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു വഴിയൊരുക്കിയത്. ജാർഖണ്ഡിലെ ചത്ര സീറ്റിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് ആർജെഡിയെ ചൊടിപ്പിച്ചത്. നേതാക്കൾ വേദിയിലിരിക്കുമ്പോൾ അസഭ്യം പറഞ്ഞും  കസേര വലിച്ചെറിഞ്ഞും പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരുക്കേറ്റു.  

ആരോഗ്യകാരണങ്ങളാൽ രാഹുൽ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല. റാലിയിൽ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടർന്ന് നടന്നുമില്ല. ജാതിസെൻസെസ്  വാഗ്ദാനം അംഗീകരിക്കനാവില്ലെന്നായിരുന്നു മമതയുടെ നിലപാട്. 

അതേസമയം, സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയർത്തി. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരിൽ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമർശിച്ചു. സഖ്യം പൊള്ളയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലിപ്പിരിയുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിനു മുൻപ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാലെന്താകുമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷഹ്‌സാദിന്റെ ചോദ്യം. തല തല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.