ഡല്‍ഹി : കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ അത് ഉടന്‍ ഡിലീറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി.ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന നിര്‍ദ്ദേശം.

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപോയോഗിക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്നതാണ്. ഇത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. കുട്ടികള്‍ അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതിയുടെ വിധിക്കെതിരെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് റൈറ്റ് ഫോര്‍ ചില്‍ഡ്രന്‍സ് എന്ന സംഘടനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ജനുവരി 11 നാണ് കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

മൊബൈലില്‍ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടതിന് തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഹരീഷ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹരീഷിനെതിരെ പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുകയോ കൈമാറുകയോ ചെയ്യാത്തതിനാൽ കേസ് പിൻവലിച്ചു. ഈ ഉത്തരവിനെ പൂര്‍ണ്ണമായും തള്ളുന്നതരത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്.