കൊച്ചി: വിദ്യാർഥികൾക്കു മുൻപിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച സിറോ മലബാർ സഭയിലെ രൂപതകളുടെ നിലപാടിനെതിരേ ലത്തീൻ സഭയുടെ പ്രസിദ്ധീകരണമായ ‘ജീവനാദം’. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് ‘വിചാരധാര’യാണെന്നു തോന്നുമെന്ന് ഇതിലെ ലേഖനം കുറ്റപ്പെടുത്തുന്നു.

ഇടുക്കി രൂപതാധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുകയെന്ന് നിശ്ചയമില്ല. പ്രണയം ഒരു കെണിയാണെന്ന് ഇടുക്കി രൂപതാ വക്താവായ വൈദികൻ പറയുന്നു. പ്രണയമെന്നത് ലോകത്തിന്റെ നിലനില്പും അടിസ്ഥാന ചോദനയുമാണ്.

ലോകത്തെ അത്രമേൽ പ്രണയിച്ചതിനാലാണ് യേശു ലോകത്തിനായി സ്വജീവിതം ബലിയായി നൽകിയത്. ഇതൊന്നും അറിയാത്തവരല്ല ഈ പുത്തൻകൂറ്റ് വൈദികർ.

കേരള സ്റ്റോറിയെന്ന സംഘപരിവാർ പ്രൊപ്പഗാൻഡ സിനിമയിൽ പറയുന്നത് 32,000 ക്രൈസ്തവ യുവതികളെ കേരളത്തിലെ ഇസ്ലാം വിശ്വാസികളായി ജീവിക്കുന്ന യുവാക്കൾ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്നാണ്. ഇതിൽ ആരൊക്കെയാണ് ഇവരെന്ന വിവരങ്ങൾ പോലും സിനിമയെടുത്തവരുടെ പക്കലില്ല.