ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് അന്ന് കേന്ദ്രധനമന്ത്രിമാരായി പി. ചിദംബരവും പ്രണബ് മുഖര്‍ജിയും ഇരുന്ന കാലത്ത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തിളക്കമുള്ളതായി അവതരിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ധുവ്വുരി സുബ്ബറാവു. തന്റെ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മോദി സര്‍ക്കാരിനെയും നിര്‍മ്മല സീതാരാമനെയും ഇന്ത്യയുടെ സാമ്പത്തികനയങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവായ പി. ചിദംബരത്തിന്റെ മറ്റൊരു മുഖമാണ് ഈ ആരോപണത്തിലൂടെ വെളിപ്പെടുന്നത്. ആര്‍ബിഐ പലിശനിരക്ക് കുറയ്‌ക്കാനും ആളുകളുടെ സന്തുഷ്ടരാക്കാന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഒരു തിളങ്ങുന്ന ചിത്രം നല്‍കാനും പി. ചിദംബരം പ്രേരിപ്പിക്കുമായിരുന്നുവെന്നും ദുവ്വുരു സുബ്ബുറാവു പറഞ്ഞു.

പലപ്പോഴും റിസര്‍വ്വ് ബാങ്കിന്റെ സ്വയം ഭരണാവകാശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് കേന്ദ്ര ധനകാര്യമന്ത്രാലയം പി. ചിദംബരത്തിന്റെയും പ്രണബ് മുഖര്‍ജിയുടെയും കാലത്ത് ഇടപെട്ടതെന്നും സുബ്ബറാവു പറഞ്ഞു. ‘കേന്ദ്രസര്‍ക്കാരിനെ (അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ) കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന റിസര്‍വ്വ് ബാങ്ക്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ പരാമര്‍ശം. ഇതില്‍ ചിദംബരവും പ്രണബ് മുഖര്‍ജിയും റിസര്‍വ്വ് ബാങ്കിന് സ്വതന്ത്രതീരുമാനത്തിനുള്ള ഒരു അധികാരവും നല്‍കിയിരുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.