• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഏപ്രില്‍ 15 തിങ്കളാഴ്ച, അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ക്രിമിനല്‍ വിചാരണ നേരിടുന്ന ആദ്യത്തെ മുന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് മാറി. ജൂറി തിരഞ്ഞെടുപ്പോടെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. ട്രംപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് മുന്നിലുള്ളത്. വിചാരണയില്‍ പതിവ് നാടകങ്ങളുമായി ട്രംപ് നിറഞ്ഞു നില്‍ക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അന്തരീക്ഷം തനിക്ക് അനുകൂലമാക്കുന്നതിനുള്ള കഴിവുള്ള ട്രംപ് ഇതിനായി എന്തു കളിയും കളിക്കുമെന്ന് എതിരാളികളും പ്രതീക്ഷിക്കുന്നു.

ഇതിന്റെ ആദ്യപടിയായ മകന്‍ ബാരന്റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയെന്ന അനുതാപ കാര്‍ഡാണ് ട്രംപ് ഇറക്കിയിരിക്കുന്നത്. ഇതിനായി മെയ് 17 ന് വിചാരണ ഒഴിവാക്കാന്‍ GOP നേതാവിന് വേണ്ടി ഹാജരായ ട്രംപിന്റെ അഭിഭാഷകരില്‍ നിന്ന് ഒരു അപേക്ഷ ലഭിച്ചതായി ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു. മകന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ 3 ന് വിചാരണ നടത്തരുതെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താനുമായുള്ള ബന്ധം മറച്ചു വയ്ക്കുന്നതിന് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് കമ്പനി രേഖകള്‍ ട്രംപ് കെട്ടിച്ചമച്ചതായാണ് ആരോപണം. 2006-ല്‍ ട്രംപുമായി ബന്ധമുണ്ടെന്ന് ഡാനിയല്‍ സമ്മതിച്ചെങ്കിലും ജിഒപി നേതാവ് ഡാനിയല്‍സിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് കൊണ്ടുവരുന്നതെന്ന് കാണിച്ചാണ് അദ്ദേഹം താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഹര്‍ജി നല്‍കിയത്.

വിചാരണ കാരണം ബാരോണിന്റെ ബിരുദം ട്രംപ് ഒഴിവാക്കുമോ?

മെലാനിയയില്‍ ഡൊണാള്‍ഡ് ട്രംപിനുള്ള ഏക മകനായ ബാരണ്‍ ട്രംപിന് മാര്‍ച്ച് 20 ന് 18 വയസ്സ് തികഞ്ഞു. അമ്മയെപ്പോലെ തന്നെ, ട്രംപിന്റെ ഏറ്റവും പുതിയ പ്രസിഡന്‍ഷ്യല്‍ കാമ്പെയിനില്‍ നിന്ന് മകനും അപ്രത്യക്ഷനാണ്. 2021-ല്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിച്ചതിന് ശേഷം ബാരണ്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള ഓക്‌സ്ബ്രിഡ്ജ് അക്കാദമിയിലേക്ക് മാറി. 2024 മെയ് 17-ന് ബാരണിന്റെ ബിരുദദാന ചടങ്ങ് നടക്കും.

ഇന്നര്‍ സിറ്റി പ്രസ് അവകാശപ്പെടുന്നത് മെര്‍ച്ചന് ഈ രണ്ട് ഹര്‍ജികളിലും ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ല എന്നാണ്. വിചാരണ എങ്ങനെ മുന്നോട്ട് പോകും എന്നതിനെ പൂര്‍ണ്ണമായും ആശ്രയിച്ചിരിക്കും ഈ കാര്യത്തില്‍ തീരുമാനം. 90 ജൂറിമാരില്‍ 50 പേര്‍ നിഷ്പക്ഷമായി പെരുമാറാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ട്രയലിന്റെ ജൂറി തിരഞ്ഞെടുക്കല്‍ പ്രക്രിയ രണ്ടാഴ്ച വരെ നീണ്ടുനിന്നേക്കാം.

തിങ്കളാഴ്ച നടന്ന വിചാരണയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് തന്റെ ഇളയ മകന്റെ ഹൈസ്‌കൂള്‍ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജഡ്ജി അനുവദിച്ചേക്കില്ലെന്ന് ആരോപിച്ചു. ജഡ്ജിയെയും കേസിനെയും ആക്ഷേപിച്ചുകൊണ്ട്, ഇത് ‘തെരഞ്ഞെടുപ്പ് ഇടപെടല്‍’ ആണെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. ”എന്റെ മകന്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടുകയാണ്. വളരെ കഠിനാധ്വാനം ചെയ്ത എന്റെ മകന്റെ ബിരുദദാനത്തിന് പോകാന്‍ ജഡ്ജി എന്നെ അനുവദിക്കില്ലെന്ന് തോന്നുന്നു, അവന്‍ മികച്ച വിദ്യാര്‍ത്ഥിയാണ്. ഇതൊരു വ്യാജ വിചാരണയാണ്. – ട്രംപ് അവകാശപ്പെട്ടു.