കാമുകനൊപ്പം കഴിയാൻ കഴിഞ്ഞ വർഷം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ യുവതി സീമ ഹൈദറിന് നോയിഡയിലെ കുടുംബ കോടതി സമൻസ് അയച്ചു. ആദ്യ ഭർത്താവ് ​ഗുലാം ഹൈദറിന്റെ പരാതിയെ തുടർന്നാണ് സമൻസ്. കഴിഞ്ഞ മെയിൽ  പ്രായപൂർത്തിയാകാത്ത തൻ്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് ഒളിച്ചോടിയ സീമ ഹൈദർ സച്ചിൻ മീണ എന്ന ‌യുവാവിനെ വിവാഹം കഴിച്ചു. പബ്ജി ഗെയിമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ കാഠ്മണ്ഡുവിൽ വച്ച് വിവാഹിതരായതായി ഇരുവരും അവകാശപ്പെട്ടിരുന്നു

കറാച്ചിയിൽ താമസിക്കുന്ന ഗുലാം ഹൈദർ, സീമയുടെ രണ്ടാം വിവാഹത്തിൻ്റെ സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ അഭിഭാഷകൻ മുഖേന നോയ്ഡയിലെ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം സച്ചിനും സീമയും തങ്ങളുടെ ഒന്നാം വിവാഹ വാർഷികവും ആഘോഷിച്ചിരുന്നു. തൻ്റെ മക്കളുടെ മതപരിവർത്തനത്തെയും ഗുലാം ഹൈദർ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സീമ ഗുലാം ഹൈദറിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ സച്ചിനുമായുള്ള വിവാഹം സാധുവല്ലെന്നും ഗുലാം ഹൈദറിൻ്റെ അഭിഭാഷകൻ മോമിൻ മാലിക് വാദിച്ചു. മെയ് 27ന് കോടതിയിൽ ഹാജരാകാൻ ഹൈദറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ഉന്നത അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അൻസാർ ബർണിയെയാണ് ​ഗുലാം ഹൈദർ ആദ്യം സമീപിച്ചത്.  ബർണി പിന്നീട് അലി മോമിനെ ഇന്ത്യയിൽ നിയമിക്കുകയും ഇന്ത്യൻ കോടതികളിൽ നിയമനടപടികൾ ആരംഭിക്കാൻ അദ്ദേഹത്തിന് പവർ ഓഫ് അറ്റോർണി അയയ്ക്കുകയും ചെയ്തു. സീമ ഹൈദറിൻ്റെ ആദ്യ ഭർത്താവ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു.