രാജ്യത്ത് 28,773 കോടി രൂപ ആസ്തിയുള്ള ഒരു വനിതയുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മുസ്ലീം വനിത എന്ന വിശേഷണം കൂടി ഇവർക്കുണ്ട്. പാദരക്ഷാ രംഗത്തെ പ്രമുഖ ബ്രാൻഡുകളിലൊന്നായ മെട്രോയുടെ മാനേജിംഗ് ഡയറക്ടറായ ഫറ മാലിക് ഭൻജിയാണ് ചരിത്രത്തിൽ ഇടം നേടിയ ഈ വനിത. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിരവധി ആഡംബര സ്വത്തുക്കളും ഇവർക്കുണ്ട്.

കമ്പനിയുടെ ചെയർമാനും കോടീശ്വരനുമായ റഫീക്ക് മാലികിൻ്റെ മകളാണ് ഫറ. 1955 ൽ മുംബൈയിൽ ഫറയുടെ മുത്തച്ഛൻ മാലിക് തേജാനി ആണ് കമ്പനി സ്ഥാപിച്ചത്. കുടുംബപരമായ ബിസിനസ് കൂടിയാണിത്. തുടക്കം പ്രീമിയം ഷൂസ് വിൽപനയിൽ ആയിരുന്നു. എന്നാൽ ഫറ ആധുനിക റീട്ടെയിൽ രംഗത്ത് ബിസിനസിനെ വളർത്തിയടുത്തു. മുച്ചി, മെട്രോ, വാക്ക്‌വേ ഇവയെല്ലാം ഫൂട് വെയർ രംഗത്തെ കമ്പനിയുടെ നിരവധി ബ്രാൻഡുകളാണ്.

പുതിയ മുഖവുമായി മെട്രോ ബ്രാൻഡിനെ വലിയ മാറ്റത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്‌ ഫറ മാലികയിരുന്നു. അഞ്ച് പെൺമക്കളിൽ രണ്ടാമത്തെയായാളാണ് ഫറ. ബിസിനസ് രംഗത്തെ അവരുടെ വ്യത്യസ്‌ത ചിന്തകളും ആശയങ്ങളും കഠിന പ്രവർത്തനവും കൊണ്ട് കമ്പനിയുടെ വളർച്ച കുതിക്കുകയായിരുന്നു. ഈ രംഗത്തു 20 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ഫറ മാലിക് വ്യവസായി എന്ന നിലയിൽ വലിയ വിജയം നേടി.

അന്തരിച്ച ശതകോടീശ്വരനായ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖയ്ക്ക് മെട്രോ ബ്രാൻഡുകളിൽ ചെറിയ ഓഹരിയുണ്ട്. 250-ലധികം വിതരണക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാൻ ഫറയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര കമ്പനികളായ സ്‌കെച്ചേഴ്‌സ്, ക്രോക്‌സ്, ക്ലാർക്ക്‌സ് തുടങ്ങിയവയുമായി ബന്ധം വളർത്തിയെടുക്കാനും കഴിഞ്ഞു. 2010-ൽ 100 വിൽപന കേന്ദ്രങ്ങളാണ് കമ്പനിക്ക് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 136 നഗരങ്ങളിൽ 598 ഇടങ്ങളിൽ ബ്രാൻഡിന് സാന്നിധ്യമുണ്ട്. പെൺകരുത്തിന്റെ അടയാളമായി ഫറ മാലിക് ഇപ്പോൾ തിളങ്ങി നിൽക്കുന്നു.