പാക്കിസ്ഥാനിലെ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് ലാഹോറിൽ വെടിയേറ്റു മരിച്ചതിനു പിന്നിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്സീൻ നഖ്വി. മുൻപുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയിൽ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്വി പറഞ്ഞു. പാക്ക് മണ്ണിൽ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. അന്വേഷണങ്ങൾ അവസാനിച്ചതിനു ശേഷം കൂടുതൽ പ്രസ്താവന നടത്തുമെന്നും നഖ്വി അറിയിച്ചു. ഇന്ത്യൻ സർക്കാർ ഇതിനോടു പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച ലഹോറിലെ ഇസ്ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് അമീർ സർഫറാസിനെ വെടിവച്ചു കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ അക്രമികൾ കോളിങ് ബെൽ മുഴക്കി. വാതിൽ തുറന്ന് പുറത്തിറങ്ങിയ അമീറിനെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്. അമീറും കൂട്ടാളിയായ മുദാസിർ മുനീറും ചേർന്ന് കോട്ട് ലഖ്പത് ജയിലിൽ വച്ച് സരബ്ജിത് സിങ്ങിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ചു ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. 2013 മേയ് രണ്ടിന് ലഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് സരബ്ജിത് സിങ്ങ് (49) മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.