ദൈവം വിശുദ്ധരെ സൃഷ്ടിക്കുന്നത് ഒരിക്കലും വർക്ഷോപ്പുകളിലല്ലെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. വിശുദ്ധരായ ജോൺ ഇരുപത്തിമൂന്നാമന്റെയും പോൾ ആറാമന്റെയും ജന്മദേശങ്ങളായ ബെർഗമോയിൽ നിന്നും, ബ്രെഷ്യയിൽ നിന്നും തീർത്ഥാടകരായി എത്തിയ വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

“ഒരു പണിപ്പുരയിലല്ല ദൈവം വിശുദ്ധരെ സൃഷ്ടിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ, ക്രിസ്തു എന്ന മൂലക്കല്ലിൽ ജീവിതത്തെ പടുത്തുയർത്തിയവരാണ് വിശുദ്ധർ” – പാപ്പാ പറഞ്ഞു.

ലോകത്തിന്റെയും സഭയുടെയും വിഷമകാലഘട്ടങ്ങളിൽ അവയെ സധൈര്യം മുന്നോട്ടു നയിച്ച ദൈവീകഹൃദയത്തിനു യോജിച്ചവരായിരുന്നു വിശുദ്ധരായ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും പോൾ ആറാമൻ പാപ്പായും എന്ന് ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. വിശുദ്ധരായ ഈ രണ്ടു വ്യക്തികളെ സഭക്ക്  സമ്മാനിച്ച രണ്ടു ഗ്രാമങ്ങളിലെയും വിശ്വാസികൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. സഭയെ നയിക്കുന്ന ഇടയന്മാരുടെ വ്യക്തിപരവും വിശ്വാസപരവുമായ വളർച്ചക്ക് അവരുടെ ജന്മദേശങ്ങൾ വഹിക്കുന്ന പങ്ക് അമൂല്യമാണ് – പാപ്പാ കൂട്ടിച്ചേർത്തു.

ഈ വിശുദ്ധരെ ലോകത്തിനു സമ്മാനിച്ചതുപോലെ ഇനിയും അനേകം ആളുകൾക്ക് വിശുദ്ധിയുടെ നറുമണം പരത്താൻ പരസ്പര  സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും സംഭാവനയുടെയും വേരുകൾ ഇടവരുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു.