ശബരിമല : പൈങ്കുനി ഉത്രം മഹോൽസവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു .

തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിച്ചു. വൈകുന്നേരം 5.45 മുതൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉൽസവത്തിന് മുന്നോടിയായുള്ള പ്രാസാദ – ശുദ്ധി പൂജകൾ നടന്നു. നട തുറന്ന ദിവസം മറ്റ് പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

കൊടിയേറ്റ് ദിനമായ 27 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 9.45 നും 10.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. കലശാഭിഷേകത്തിന് ശേഷം ഉച്ചപൂജ. 1 മണിക്ക് തിരുനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കും. 6.30ന് ദീപാരാധന.

തുടർന്ന് മുളയിടൽ. അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. രണ്ടാം ഉൽസവ ദിവസമായ 28 മുതൽ ഉൽസവബലി ആരംഭിക്കും.ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ ആറാട്ട് നടക്കും. അന്ന് രാത്രി 10 മണിക്ക് തിരുനട അടക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ അയപ്പ ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.