കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം. സെക്‌ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. 5 അന്ധിശമനാ സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ യൂണിറ്റുകളെ എത്തിച്ചേക്കും. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത പുക ഉയരുന്നു.

സെക്‌ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിനാണ് തീപിടുത്തമുണ്ടായത്. ആശങ്ക വേണ്ടയെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്ധിശമന സേന അറിയിച്ചു.

നേരത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തം 12 ദിവസങ്ങൾക്ക് ശേഷമാണ് പൂർണമായും അണയ്ക്കാനായത്. ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പ്രശ്നങ്ങൾക്കും തീപിടുത്തം വഴിവെച്ചിരുന്നു. തീപ്പിടുത്തത്തെത്തുടർന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളോളം പുക നിറഞ്ഞു നിന്നിരുന്നു. പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടലുകളും ഉണ്ടായി. സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂൺ സ്വമേധയാ കേസെടുത്തിരുന്നു.